കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന സുപ്രധാനമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും വികസന തുടർച്ചയ്ക്കായി ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പത്ത് വർഷത്തിനിടെ വികസിത കേരളത്തിലേക്കുള്ള വലിയ ചുവടുവെപ്പുകളാണ് സംസ്ഥാനം നടത്തിയത്. എല്ലാ മേഖലകളിലും രാജ്യം ശ്രദ്ധിക്കുന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. ഈ മുന്നേറ്റം തടസ്സമില്ലാതെ മുന്നോട്ട് പോകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിനായി എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതികൾ പ്രഖ്യാപിക്കുകയല്ലാതെ നടപ്പിലാക്കാതിരുന്ന ഒരു കാലം കേരളത്തിനുണ്ടായിരുന്നു. പത്ത് വർഷം മുമ്പുണ്ടായിരുന്ന ആ അവസ്ഥ ജനങ്ങൾ മറന്നിട്ടില്ല. എന്നാൽ എൽഡിഎഫ് സർക്കാർ വികസന പദ്ധതികൾ കൃത്യമായി നടപ്പിലാക്കുമെന്നത് ജനങ്ങളുടെ അനുഭവത്തിലൂടെ തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ സർക്കാരിൽ ജനങ്ങൾക്ക് വലിയ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയമായി എതിരഭിപ്രായമുള്ളവർ പോലും വികസന കാര്യങ്ങൾ പരിഗണിച്ച് എൽഡിഎഫ് ഭരണത്തെ അനുകൂലിക്കുന്ന സാഹചര്യമാണുള്ളതെന്നും പിണറായി വിജയൻ അവകാശപ്പെട്ടു.
പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള വലിയ പ്രതിസന്ധികൾ നേരിട്ടപ്പോഴും നാട് തകർന്നുപോകാതെ മുന്നോട്ട് നയിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. വെല്ലുവിളികളെ അതിജീവിച്ച് കേരളത്തെ ലോകത്തിന് തന്നെ മാതൃകയാക്കി മാറ്റാൻ സാധിച്ചു. കഴിഞ്ഞ പത്ത് വർഷമായി ജനങ്ങൾക്കൊപ്പം ചേർന്നുനടന്ന എൽഡിഎഫിനെ ഇത്തവണയും അവർ കൈവിടില്ല. ജനവിശ്വാസത്തിലാണ് മുന്നണിയുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ 2021-ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇത്തവണ എൽഡിഎഫ് വലിയ വിജയം കൈവരിക്കുമെന്നും മുഖ്യമന്ത്രി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.



