പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കുക. ഉംറ വിസയിൽ എത്തി തുടരുന്നവർ ഈ തിയതിക്കകം തിരിച്ചുപോകണം. ഏത് വിസയിലാണ് വന്നത് എന്നത് പരിശോധിക്കുക..
മക്ക – ഉംറ വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രില്‍ 29 (ദുല്‍ഖഅ്ദ 1) ആണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസയില്‍ വിദേശ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 13 (ശവ്വാല്‍ 15) ആണ്. ഹജിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി, ഏപ്രില്‍ 29 നു ശേഷം തീര്‍ഥാടകര്‍ സൗദിയില്‍ തങ്ങുന്നത് നിയമ ലംഘനമായി കണക്കാക്കും. ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഉംറ വിസയില്‍ രാജ്യത്തെത്തുന്നവരും ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ നിശ്ചിത സമയത്ത് സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം.
ഉംറ തീര്‍ഥാടകര്‍ നിശ്ചിത സമയത്തിനകം രാജ്യം വിടാത്തതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന ഉംറ സര്‍വീസ് കമ്പനികള്‍ക്ക് തീര്‍ഥാടകരില്‍ ഒരാള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ തോതില്‍ പിഴ ചുമത്തും. മറ്റു നിയമാനുസൃത ശിക്ഷാ നടപടികളും നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
വിസാ കാലാവധിക്കുള്ളില്‍ രാജ്യം വിടാതെ അനധികൃതമായി സൗദിയില്‍ തങ്ങുന്ന ഹജ്, ഉംറ തീര്‍ഥാടകരെ കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിക്കാതിരിക്കുന്ന ഹജ്, ഉംറ സര്‍വീസ് കമ്പനികള്‍ക്ക്, നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്ന ഓരോ തീര്‍ഥാടകര്‍ക്കും ഒരു ലക്ഷം റിയാല്‍ തോതില്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി.
ഹജ്, ഉംറ നിയമങ്ങളും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ഹജ്, ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണം. വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത ഹജ്, ഉംറ തീര്‍ഥാടകരെ കുറിച്ച് അവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന സര്‍വീസ് കമ്പനികള്‍ ബന്ധപ്പെട്ട വകുപ്പുകളെ താമസംവിനാ അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന മുഴുവന്‍ സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.