കൊച്ചി- നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ തിളക്കമാർന്ന വിജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. “മാറ്റാൻ ആളുണ്ടോയെന്നും മറ്റാരുണ്ടെന്നും ചോദിച്ചവർക്കുള്ള ഉത്തരമാണ് ഈ വിജയം. ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതാണ്. ടീം യുഡിഎഫ് വിജയിച്ചു, ഇനി കേരളത്തെ യുഡിഎഫ് നയിക്കും” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യുഡിഎഫിന്റെ ഈ മുന്നേറ്റം കേരളത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിന്റേത് ഐതിഹാസികമായ വിജയമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച ജനങ്ങളോട് നന്ദി പറയുന്നുവെന്നും തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം കേരളം അനുഭവിച്ച ദുരിതങ്ങൾക്കും പ്രയാസങ്ങൾക്കുമെതിരെ ജനങ്ങൾ നൽകിയ വിധിയെഴുത്താണിത്. നൂറ് സീറ്റുകൾ ലഭിക്കുമെന്ന് തുടക്കം മുതലേ തങ്ങൾ പറഞ്ഞിരുന്നെങ്കിലും പലരും അത് വിശ്വസിച്ചില്ല. എന്നാൽ മുഖ്യമന്ത്രി അവകാശപ്പെട്ടതിനേക്കാൾ വലിയ വിജയമാണ് യുഡിഎഫ് നേടിയത്. ഇടതുപക്ഷത്തെ വിശ്വസിച്ചിരുന്ന നല്ല കമ്മ്യൂണിസ്റ്റുകാർ പോലും ഇത്തവണ മാറ്റത്തിനായി യുഡിഎഫിന് വോട്ട് ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനം നൽകിയ ഈ വലിയ ഉത്തരവാദിത്തം വിനയത്തോടെ സ്വീകരിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനമായ അഞ്ച് ഗ്യാരണ്ടികൾ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇടതുപക്ഷത്തിന്റെ എല്ലാ പ്രചാരണങ്ങളെയും വോട്ടർമാർ തള്ളിക്കളഞ്ഞുവെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. നൂറിലധികം സീറ്റുകൾ നേടുമെന്ന് തങ്ങൾ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് മുതൽ കണ്ടുതുടങ്ങിയ യുഡിഎഫ് തരംഗം ഇപ്പോൾ നിയമസഭയിലും ആഞ്ഞടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളും പ്രവർത്തകരും ഒരു മനസ്സോടെ ‘ടീം യുഡിഎഫ്’ ആയി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ ചരിത്രവിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് മുന്നോട്ടുവെച്ച പോസിറ്റീവ് അജണ്ടകൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമായിട്ടാണ് നേതാക്കൾ ഈ വിജയത്തെ വിലയിരുത്തുന്നത്.



