തെഹ്‌റാന്‍ – നാലു മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍, അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഒപ്പുവച്ച ധാരണാപത്രത്തിന് താന്‍ അംഗീകാരം നല്‍കിയതായി ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇ അറിയിച്ചു. ധാരണാപത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് തനിക്ക് സംശയങ്ങളുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഉത്തരവാദിത്തം വഹിക്കുമെന്നതിന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ ധാരണാപത്രം അംഗീകരിച്ചത്.
അമേരിക്കയുമായുള്ള ധാരണാപത്രത്തെ കുറിച്ച് തനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളതെന്ന്, കഴിഞ്ഞ ഫെബ്രുവരിയില്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ പരിക്കേറ്റതിനുശേഷം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത മുജ്തബ ഖാംനഇ ഇറാന്‍ ജനതയെ അഭിസംബോധന ചെയ്തുള്ള രേഖാമൂലമുള്ള സന്ദേശത്തില്‍ പറഞ്ഞു. എന്നാല്‍ ഇറാന്‍ പ്രസിഡന്റിനോടുള്ള പ്രതിബദ്ധത കാരണം താന്‍ അത് അംഗീകരിച്ചു. അമേരിക്കയുമായുള്ള കരാറിന്റെ ഉത്തരവാദിത്തം വഹിക്കുമെന്ന് പെസെഷ്‌കിയാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഖാംനഇ വ്യക്തമാക്കി.
സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തലവന്‍ എന്ന നിലയില്‍, കരാറിന് കീഴില്‍ ഇറാന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം പെസെഷ്‌കിയാന്‍ ഏറ്റെടുത്തു. അമേരിക്ക അമിതമായ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ വിട്ടുവീഴ്ചകള്‍ ചെയ്യില്ലെന്ന് പെസെഷ്‌കിയാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭാവിയില്‍ നടക്കുന്ന നേരിട്ടുള്ള ചര്‍ച്ചകള്‍ ശത്രുവിന്റെ കാഴ്ചപ്പാട് അംഗീകരിക്കുക എന്നല്ല അര്‍ഥമാക്കുന്നത്. അമേരിക്കന്‍ പക്ഷം അമിതമായ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍, തങ്ങള്‍ അത് അംഗീകരിക്കില്ലെന്നും മുജ്തബ ഖാംനഇ കൂട്ടിചേർത്തു.
2026 ഫെബ്രുവരി 28 ന് ഇസ്രായില്‍-അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട തന്റെ പിതാവും മുന്‍ സുപ്രീം നേതാവുമായ അലി ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം മുജ്തബ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകള്‍ നേരിട്ടിട്ടുണ്ടെന്നും മുഖം വികൃതമായിട്ടുണ്ടെന്നും ഒരു കാലില്‍ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്നും ഉറവിടങ്ങള്‍ സ്ഥിരീകരിച്ചു. മുജ്തബ ഖാംനഇ കൃത്രിമ അവയവത്തിനായി കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ഏപ്രിലില്‍ ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇറാന്‍ പ്രസിഡന്റ് അമേരിക്കയുമായുള്ള ധാരണാപത്രത്തെ ചരിത്രപരം എന്ന് വിശേഷിപ്പിച്ചു. ഇംഗ്ലീഷിലുള്ള ധാരണാപത്രത്തിന്റെ പകര്‍പ്പ് പെസെഷ്‌കിയാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. അതില്‍ പെസെഷ്‌കിയാന്റെയും ട്രംപിന്റെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഒപ്പുകള്‍ ഉണ്ട്. ഇരുപക്ഷവും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പാകിസ്ഥാന്‍ നേതൃത്വം നല്‍കി. ഇതൊരു ചരിത്രപരമായ രേഖയും പരസ്പര ബഹുമാനത്തിലൂടെ സമാധാനം കൈവരിക്കും എന്ന ഇറാന്റെ ശക്തമായ സന്ദേശവുമാണെന്ന് ധാരണാപത്രത്തിനൊപ്പമുള്ള ട്വിറ്റര്‍ പോസ്റ്റില്‍ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.



