തൃശ്ശൂർ- കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രമുഖ കവി കെ. സച്ചിദാനന്ദൻ രാജിവെച്ചു. താൻ രാജി സമർപ്പിക്കാൻ തന്നെയാണ് എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സച്ചിദാനന്ദന് പിന്നാലെ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും സ്ഥാനമൊഴിഞ്ഞു. ഇരുവരും സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് ഇമെയിൽ വഴിയാണ് രാജി അയച്ചത്. തന്റെ നിലപാടുകൾ സച്ചിദാനന്ദൻ നേരത്തെ തന്നെ ഫേസ്ബുക്കിലൂടെ സൂചിപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സച്ചിദാനന്ദൻ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. തിരഞ്ഞെടുപ്പിൽ മത്സരിച്ചത് രണ്ട് വലതുപക്ഷ കക്ഷികൾ തമ്മിലാണെന്ന് ശരിയായ ഇടതുപക്ഷക്കാർ തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം അല്ലാതായി മാറിയെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇടത് ചിന്താഗതിയുള്ളവർ പോലും എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്തത്. ഇക്കാര്യം സത്യസന്ധരായ നേതാക്കൾ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി ഒരു തിരിച്ചുവരവ് വേണമെങ്കിൽ പാർട്ടികൾ വലിയ രീതിയിലുള്ള ആശയപരവും വർഗപരവുമായ അഴിച്ചുപണി നടത്തേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർഭരണത്തെക്കുറിച്ച് സച്ചിദാനന്ദൻ നേരത്തെ നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിലെ സാഹചര്യം ഒരു ഉദാഹരണമാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. ജനാധിപത്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മാറി മാറി വരുന്നതാണ് ഉചിതമെന്നും, തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും അതിലേക്ക് നുഴഞ്ഞുകയറുമെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. പത്തുവർഷം കഴിഞ്ഞാൽ കോൺഗ്രസിനും ഇതുതന്നെ സംഭവിക്കുമെന്നും ഭരണത്തുടർച്ചയെക്കുറിച്ച് ഇനി കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.



