ഗാസ– ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇസ്രായിൽ ഗാസയിലുടനീളം ആക്രമണം തുടരുന്നു. ഇന്ന് രാവിലെ ആറര മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കരാറിൽ ഒപ്പിട്ടെങ്കിലും ഇസ്രായിൽ ആക്രമണം അവസാനിപ്പിച്ചിട്ടില്ല. ഇന്ന് വൈകുന്നേരം മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് പുറത്തുവിടുന്നത് വരെ ആക്രമണം തുടരുമെന്നാണ് ഇസ്രായിൽ പ്രധാനമന്ത്രി നെതന്യാഹു പറയുന്നത്. എന്നാൽ ബന്ദികളുടെ പേര് തയ്യാറാക്കുന്നതിന് ഇസ്രായിൽ സമയവും സഹചര്യവും അനുവദിച്ചില്ലെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. പേരുകൾ പുറത്തുവിടുന്നതിനുള്ള കാലതാമസത്തിന് കാരണം സാങ്കേതിക പ്രശ്നങ്ങളാണ് എന്നാണ് ഹമാസം പറയുന്നത്.
ഇസ്രായേലി തടവുകാർ എവിടെയാണെന്ന് വെളിപ്പെടുത്താതെയും ലോകത്തെ അറിയിക്കാതെയും പ്രവർത്തിക്കുന്നതിൽ ഹമാസ് വിജയിച്ചുവെന്നാണ് യുദ്ധവിദഗ്ധർ പറയുന്നത്.
ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന തടവുകാരുടെ പേര് മാത്രമേ ഹമാസ് വെളിപ്പെടുത്തുകയുള്ളൂ. ബാക്കിയുള്ളവരുടെ പേരുകൾ ഒരിക്കലും വെളിപ്പെടുത്തില്ലെന്നും ഹമാസ് അറിയിച്ചു. യുദ്ധത്തിൽ ഹമാസിന്റെ കയ്യിലുള്ള ഏക ആയുധം ബന്ദികളാണ്. അത് വിട്ടുകൊടുക്കാൻ ഹമാസ് തയ്യാറാകുന്നില്ലെന്നും ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസിലെ പബ്ലിക് പോളിസി അസോസിയേറ്റ് പ്രൊഫസർ ടാമർ ഖർമൗട്ട് പറഞ്ഞു.
ഇസ്രായിൽ നിലവിൽ ഗാസയിൽനിന്ന് പിൻവാങ്ങിയിട്ടില്ല. ഗാസയുടെ പല ഭാഗങ്ങളുടെയും നിയന്ത്രണം ഇപ്പോഴും ഇസ്രായിലിന്റെ കൈവശമാണ്. ബന്ദികൾ ഇവിടെയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഹമാസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ ആക്രമണം ഇസ്രായിൽ അവസാനിപ്പിക്കണമെന്ന് ഹമാസ് രണ്ടു ദിവസമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇസ്രായിൽ അതു ചെയ്തില്ല.
ഹമാസ് തങ്ങളുടെ കടമകൾ നിറവേറ്റാത്തിടത്തോളം കാലം വെടിനിർത്തൽ പ്രാബല്യത്തിൽ വരില്ലെന്നാണ് ഇസ്രായിൽ ആവർത്തിക്കുന്നത്.