ന്യൂയോര്‍ക്ക് – ഇസ്രായിൽ ഏർപ്പെടുത്തുന്ന ഏകപക്ഷീയമായ നിയന്ത്രണങ്ങളും സങ്കീർണ്ണമായ രജിസ്ട്രേഷൻ നടപടികളും ഗാസയിലെ മാനുഷിക സഹായ പ്രവർത്തനങ്ങളെ തകർച്ചയിലേക്ക് നയിക്കുമെന്ന് ഐക്യരാഷ്ട്രസഭയും റിലീഫ് സംഘടനകളും മുന്നറിയിപ്പ് നൽകി. ഡിസംബർ 31-ഓടെ ഡസൻ കണക്കിന് അന്താരാഷ്ട്ര സംഘടനകളുടെ രജിസ്‌ട്രേഷൻ കാലാവധി അവസാനിക്കാനിരിക്കുകയാണ്. ഇത് പുതുക്കിയില്ലെങ്കിൽ 60 ദിവസത്തിനുള്ളിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. ഫീൽഡ് ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ശുചിത്വ സേവനങ്ങൾ, പോഷകാഹാര വിതരണ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടുന്നത് ഗാസയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പുതിയ രജിസ്‌ട്രേഷൻ സംവിധാനത്തിലെ അപാകതകൾ കാരണം ഭക്ഷണം, മരുന്ന്, പാർപ്പിട സാമഗ്രികൾ എന്നിവയുൾപ്പെടെ കോടിക്കണക്കിന് ഡോളറിന്റെ സഹായവസ്തുക്കൾ ഗാസയ്ക്ക് പുറത്ത് കെട്ടിക്കിടക്കുകയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി സഹായങ്ങൾ അനുവദിക്കുന്നുണ്ടെന്ന് ഇസ്രായിൽ അവകാശപ്പെടുന്നുണ്ടെങ്കിലും, കരാറിൽ പറഞ്ഞതിനേക്കാൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിക്കുന്നുള്ളൂ എന്ന് ഹമാസും റിലീഫ് ഏജൻസികളും ആരോപിക്കുന്നു. ഒക്ടോബർ 10-ന് ആരംഭിച്ച വെടിനിർത്തലിനെത്തുടർന്ന് ബന്ദികളെയും തടവുകാരെയും കൈമാറിയിരുന്നെങ്കിലും, റിലീഫ് സംഘടനകൾക്ക് ഏർപ്പെടുത്തുന്ന വിലക്കുകൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ സംഘടനകൾ പിൻവാങ്ങേണ്ടി വന്നാൽ ഉണ്ടാകുന്ന വിടവ് നികത്താൻ യു.എന്നിന് കഴിയില്ലെന്നും, മാനുഷിക സഹായം രാഷ്ട്രീയ താത്പര്യങ്ങൾക്ക് അപ്പുറമായിരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.



