ബെയ്‌റൂത്ത്- തെക്കൻ ലെബനോനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 25 പേർക്ക് പരിക്കേറ്റതായും ലെബനോൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മണിക്കൂറുകൾക്കുള്ളിൽ അബ്ബാസിയ, തൈർഫൽസിയ, മൻസൂരി, മജ്ദൽസൂൻ, സുൽത്താനിയ തുടങ്ങിയ ഗ്രാമങ്ങളിലായി അറുപതിലധികം തവണയാണ് ഇസ്രായേൽ വിമാനങ്ങൾ ബോംബിട്ടത്. റോഡുകൾ, താഴ്വരകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങൾ. തൂറാ ഗ്രാമത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
വിവിധ ഗ്രാമങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹൂമൈൻ അൽതഹ്തയിൽ മോട്ടോർ സൈക്കിളിന് നേരെ നടന്ന ആക്രമണത്തിലും സറാരിയയിൽ നടന്ന ബോംബാക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു. ദുവൈറിലുണ്ടായ ആക്രമണത്തിൽ നാല് പേർ മരിച്ചതായാണ് പ്രാഥമിക വിവരം. വ്യോമാക്രമണത്തിന് പുറമെ പീരങ്കി ഷെല്ലാക്രമണവും ഇസ്രായേൽ ശക്തമാക്കിയിട്ടുണ്ട്. ബിന്ത് ജെബെയിൽ നഗരത്തിൽ സ്ഫോടനങ്ങൾ നടത്തുകയും ബർഅശീത്ത് ഗ്രാമത്തിന് നേരെ ഷെല്ലാക്രമണം നടത്തുകയും ചെയ്തു. അബ്ബാസിയ ഉൾപ്പെടെയുള്ള ചില ഗ്രാമങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് കനത്ത ആക്രമണമുണ്ടായത്.
കഴിഞ്ഞ മാർച്ച് രണ്ട് മുതൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ലെബനോനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,759 ആയി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. ഇതുവരെ 8,512 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ തെക്കൻ ലെബനോനിലെ ജനജീവിതം അതീവ ദുസ്സഹമായി തുടരുകയാണ്. ഇസ്രായേൽ ആക്രമണം രൂക്ഷമായതോടെ കൂടുതൽ കുടുംബങ്ങൾ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.



