ടെഹ്‌റാൻ– ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജോംഹൗറി പ്രദേശം എന്നിവിടങ്ങളിൽ മൂന്ന് തവണ സ്ഫോടനങ്ങൾ ഉണ്ടായതായും ഇസ്രായിലിന്റെ മിസൈലുകൾ പതിച്ചത് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഓഫീസിന് സമീപമാണെന്നുമാണ് പുറത്തുവരുന്ന വിവരം.
ഇസ്രായിലിനെതിരെയുള്ള ഭീഷണികൾ മുൻകൂട്ടി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി വ്യക്തമാക്കിയതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഈ സൈനിക നീക്കത്തിൽ അമേരിക്കയും ഇസ്രായിലും സംയുക്തമായാണ് പങ്കുചേർന്നതെന്നും സൂചനകളുണ്ട്. ആക്രമണത്തെത്തുടർന്ന് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇറാൻ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ഇറാനിലെ ആക്രമണത്തിന് പിന്നാലെ ഇസ്രായിലിൽ ഉടനീളം അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.



