ബഗ്ദാദ്- ഇറാനെതിരായ വ്യോമാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഇസ്രായിൽ ഇറാഖി മരുഭൂമിയിൽ അതീവ രഹസ്യമായി സൈനിക താവളം സ്ഥാപിച്ചിരുന്നതായി റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥരെയും മറ്റ് ഉന്നത വൃത്തങ്ങളെയും ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. യുദ്ധത്തിന്റെ തുടക്കത്തിൽ ഈ താവളം കണ്ടെത്താൻ ശ്രമിച്ച ഇറാഖി സൈനികർക്ക് നേരെ ഇസ്രായിൽ വ്യോമാക്രമണം നടത്തിയിരുന്നു. അമേരിക്കയുടെ അറിവോടെയാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്നും ഇസ്രായിൽ വ്യോമസേനയുടെ ലോജിസ്റ്റിക്‌സ് ഹബ്ബായും പ്രത്യേക സേനയുടെ താവളമായും ഇത് ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇറാനെതിരെ ആക്രമണം നടത്തുന്ന യുദ്ധവിമാനങ്ങൾ തകരുകയോ പൈലറ്റുമാർ അപകടത്തിൽപ്പെടുകയോ ചെയ്താൽ അവരെ രക്ഷപ്പെടുത്താനുള്ള ദൗത്യസംഘവും ഇവിടെ സജ്ജമായിരുന്നു. ഇസ്ഫഹാനിനടുത്ത് ഒരു അമേരിക്കൻ എഫ്-15 വിമാനം ഇറാൻ വെടിവെച്ചിട്ടപ്പോൾ ഇസ്രായിൽ സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പൈലറ്റുമാരെ സ്വയം രക്ഷിക്കാൻ അമേരിക്കൻ സേനയ്ക്ക് കഴിഞ്ഞു.
ഈ രഹസ്യ കേന്ദ്രത്തെക്കുറിച്ച് ഇറാഖി സൈന്യത്തിന് സൂചന ലഭിച്ചത് മാർച്ചിലായിരുന്നു. മരുഭൂമിയിൽ അസാധാരണമായ ഹെലികോപ്റ്റർ സഞ്ചാരവും സൈനിക നീക്കങ്ങളും നടക്കുന്നുണ്ടെന്ന് ഒരു ആട്ടിടയൻ നൽകിയ വിവരത്തെത്തുടർന്ന് ഇറാഖ് അന്വേഷണം നടത്തി. പരിശോധനയ്ക്കായി എത്തിയ ഇറാഖി സൈനികർക്ക് നേരെ കനത്ത വെടിവെപ്പുണ്ടാകുകയും ഒരു സൈനികൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദേശ സേനയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ ഇറാഖ് ഇതിനെതിരെ ഐക്യരാഷ്ട്രസഭയിൽ പരാതി നൽകി. തങ്ങളുടെ പരമാധികാരം ലംഘിച്ചുകൊണ്ട് നടത്തിയ ഈ നീക്കത്തിൽ അമേരിക്കയ്ക്കും പങ്കുണ്ടെന്ന് ഇറാഖ് ആരോപിച്ചെങ്കിലും അമേരിക്കൻ വൃത്തങ്ങൾ അത് നിഷേധിച്ചു. ജനവാസം കുറഞ്ഞ ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമി ഇത്തരം രഹസ്യ താവളങ്ങൾക്ക് അനുയോജ്യമായ ഇടമായതിനാലാണ് ഇസ്രായിൽ ഈ പ്രദേശം തിരഞ്ഞെടുത്തത്.
ഇറാനിൽ നിന്ന് ഏകദേശം 1,000 മൈൽ അകലെയായിട്ടും ഇത്രയും കൃത്യമായി വ്യോമാക്രമണങ്ങൾ നടത്താൻ ഇസ്രായിലിനെ സഹായിച്ചത് ഇറാഖിലെ ഈ താവളമാണ്. യുദ്ധഭൂമിയിലേക്ക് ഇസ്രായിൽ സൈന്യത്തിന് കൂടുതൽ അടുക്കാൻ ഇത് വഴിയൊരുക്കി. അഞ്ച് ആഴ്ച നീണ്ടുനിന്ന യുദ്ധത്തിൽ ഇറാനിലെ ആയിരക്കണക്കിന് കേന്ദ്രങ്ങളിലാണ് ഇസ്രായിൽ ബോംബ് വർഷിച്ചത്. സമാനമായി അമേരിക്കയും ഇറാനിൽ താൽക്കാലിക താവളങ്ങൾ സ്ഥാപിച്ചിരുന്നു. ഏപ്രിലിൽ തകർന്നുവീണ വിമാനത്തിലെ പൈലറ്റുമാരെ രക്ഷിക്കാനുള്ള ദൗത്യത്തിന് ശേഷം തങ്ങളുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ശത്രുക്കളുടെ കയ്യിൽപ്പെടാതിരിക്കാൻ സ്ഫോടനത്തിലൂടെ അമേരിക്ക തകർത്തിരുന്നു.
തന്ത്രപ്രധാനമായ നീക്കങ്ങൾക്കായി സൈന്യം ഇത്തരം താൽക്കാലിക താവളങ്ങൾ (ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസ്) സ്ഥാപിക്കുന്നത് സാധാരണ രീതിയാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 1991-ലും 2003-ലും സദ്ദാം ഹുസൈനെതിരായ യുദ്ധങ്ങളിൽ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് ഈ മേഖല ഉപയോഗിച്ചിരുന്നു. ഐസിസ് ഉൾപ്പെടെയുള്ള വിവിധ സായുധ സംഘങ്ങളുടെ സാന്നിധ്യം മരുഭൂമിയിൽ പതിവായതിനാൽ പ്രദേശവാസികൾ ഇത്തരം നീക്കങ്ങളിൽ നിന്ന് സാധാരണ അകന്നുനിൽക്കുകയാണ് പതിവ്. എന്നിരുന്നാലും, അടുത്തിടെ കണ്ട അസാധാരണമായ സൈനിക നീക്കങ്ങളാണ് ഇസ്രായിലിന്റെ ഈ രഹസ്യ ഓപ്പറേഷൻ പുറംലോകമറിയാൻ കാരണമായത്.



