തെഹ്‌റാൻ- ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്കൻ നാവിക ഉപരോധം ഒരു മാസത്തോളമായി തുടരുന്ന സാഹചര്യത്തിൽ, ഊർജ ഉപഭോഗം കുറയ്ക്കാൻ പൗരന്മാരോട് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ആഹ്വാനം ചെയ്തു. സർക്കാരിന്റെ ഊർജ പദ്ധതികൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഊർജം ഉപയോഗിക്കുന്ന രീതിയിൽ രാജ്യവ്യാപകമായ മാറ്റം അത്യാവശ്യമാണെന്നും സാങ്കേതികമായ നടപടികൾക്കപ്പുറം ഊർജ വിഭവങ്ങൾ കരുതലോടെ ഉപയോഗിക്കുന്ന ഒരു പൊതു സംസ്കാരം ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഊർജ മേഖലയിലുണ്ടായ പ്രതിസന്ധിയെത്തുടർന്ന് രണ്ടാഴ്ച മുമ്പും പ്രസിഡന്റ് സമാനമായ അഭ്യർത്ഥന നടത്തിയിരുന്നു. അമേരിക്കയുടെയും ഇസ്രായിലിന്റെയും വ്യോമാക്രമണങ്ങളിൽ ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതിനെത്തുടർന്നാണ് ഏപ്രിൽ 25-ന് അദ്ദേഹം ജനങ്ങളോട് വൈദ്യുതി ഉപയോഗം പരിമിതപ്പെടുത്താൻ ആവശ്യപ്പെട്ടത്. വീട്ടിൽ പത്ത് ലൈറ്റുകൾ കത്തിക്കുന്നതിന് പകരം രണ്ടെണ്ണം മാത്രം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും ഇത്തരത്തിലുള്ള നിയന്ത്രണങ്ങളിലൂടെ നിലവിലെ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധവും ഊർജ ലഭ്യതയെ ബാധിച്ചിട്ടുണ്ട്.
ഇറാനും അമേരിക്ക-ഇസ്രായിൽ സഖ്യവും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ഇറാൻ തടസ്സപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇസ്ലാമാബാദിൽ വെച്ച് നടന്ന ആദ്യ റൗണ്ട് ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഏപ്രിൽ 13 മുതൽ അമേരിക്ക ഇറാൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയത്. ഈ സാമ്പത്തിക-സൈനിക സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ വിഭവങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ സർക്കാർ ജനങ്ങളുടെ സഹകരണം തേടുന്നത്.



