ഇസ്ലാമാബാദ്- അമേരിക്കയെയും ഇറാനെയും ചർച്ചാമേശയിൽ ഒരുമിച്ച് കൊണ്ടുവരാനുള്ള പാകിസ്താന്റെ നീക്കങ്ങൾ ലക്ഷ്യം കാണാതെ അവസാനിച്ചു. പാക് നേതാക്കളുമായി നിർണ്ണായക ചർച്ചകൾ നടത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി, ഇസ്ലാമാബാദിലെത്തിയ അമേരിക്കൻ പ്രതിനിധി സംഘത്തെ കാണാതെ തന്നെ മടങ്ങി. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ സംബന്ധിച്ചും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചുമുള്ള ഇറാന്റെ കർശനമായ നിലപാടുകൾ അദ്ദേഹം വ്യക്തമാക്കി. ലെബനോനിൽ ഇസ്രായിൽ തുടരുന്ന ആക്രമണങ്ങളെക്കുറിച്ച് പാക് പ്രധാനമന്ത്രിയെ ധരിപ്പിച്ച അറാഖ്ജി, സമാധാനം പുനഃസ്ഥാപിക്കാൻ പാകിസ്താൻ നടത്തുന്ന ശ്രമങ്ങളെയും ആതിഥേയത്വത്തെയും പ്രശംസിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാൻ തുറമുഖങ്ങൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുക, യുദ്ധവും ഭീഷണികളും അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും ഉപേക്ഷിക്കണമെന്നതടക്കമുള്ള കടുത്ത നിബന്ധനകളിൽ നിന്ന് അമേരിക്ക പിന്മാറുക എന്നിവയാണവ. പ്രധാനമന്ത്രിക്ക് പുറമെ പാക് സൈനിക മേധാവി ജനറൽ ആസിം മുനീർ, ഉപപ്രധാനമന്ത്രി മുഹമ്മദ് ഇസഹാഖ് ദാർ എന്നിവരുമായും ഇറാൻ വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തി.
രണ്ടാഴ്ച മുമ്പ് ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. ഏപ്രിൽ 13-ന് ഇറാൻ തുറമുഖങ്ങൾക്കും കപ്പലുകൾക്കും മേൽ അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയതും മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇറാന്റെ പ്രത്യാക്രമണ ഭീഷണിയെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിലവിൽ ഏതാണ്ട് പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. ഈയൊരു സാഹചര്യത്തിൽ നടന്ന രണ്ടാം ഘട്ട ചർച്ചകളും ഫലം കാണാതെ പോയത് പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.



