പാരീസ്- ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം ലോകമെമ്പാടും വൻ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും മൂന്ന് കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാം (UNDP) തലവൻ അലക്സാണ്ടർ ഡി ക്രൂ മുന്നറിയിപ്പ് നൽകി. പാരീസിൽ നടന്ന ജി-7 വികസന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത വികസന നേട്ടങ്ങൾ വെറും ആറാഴ്ചത്തെ യുദ്ധം കൊണ്ട് തകർന്നടിയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആറാഴ്ചത്തെ യുദ്ധത്തിന് ശേഷം നടത്തിയ പഠനമനുസരിച്ച്, സംഘർഷം ഇപ്പോൾ അവസാനിച്ചാൽ പോലും 160 രാജ്യങ്ങളിലായി ഏകദേശം 3.2 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുണ്ട്.
യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് ആഗോളതലത്തിൽ ഇന്ധന-വള വിതരണത്തെ ഗുരുതരമായി ബാധിച്ചു. ലോകത്തെ ഇന്ധനത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാത തടസ്സപ്പെട്ടതോടെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വില കുതിച്ചുയർന്നു. ഇന്ധനക്ഷാമം പരിഹരിക്കാൻ ആഫ്രിക്കയിലെയും ഏഷ്യയിലെയും പല രാജ്യങ്ങളും ഇന്ധന റേഷനിംഗ് ഏർപ്പെടുത്തുകയും പ്രവൃത്തി ദിനങ്ങൾ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങൾ ജനങ്ങളുടെ ഭാരം കുറയ്ക്കാൻ ഇന്ധന നികുതിയിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും പ്രതിസന്ധി തുടരുകയാണ്. സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളെയും ബംഗ്ലാദേശ്, കംബോഡിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളെയും വികസ്വര ദ്വീപ് രാഷ്ട്രങ്ങളെയും ഈ സാഹചര്യം വല്ലാതെ ഉലയ്ക്കും.
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ അയക്കുന്ന പണത്തിൽ കുറവുണ്ടാകുന്നത് പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. ഉയരുന്ന ഭക്ഷണ-ഇന്ധന വിലകൾ സാധാരണക്കാരെ ബാധിക്കാതിരിക്കാൻ ഏകദേശം 600 കോടി ഡോളറിന്റെ സബ്‌സിഡി ആവശ്യമാണെന്ന് യു.എൻ.ഡി.പി കണക്കാക്കുന്നു. അന്താരാഷ്ട്ര നാണയനിധിയും ലോകബാങ്കും ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഇതിനുള്ള ഫണ്ട് കണ്ടെത്തുക പ്രയാസമാണ്. യുദ്ധത്തിന് ആഴ്ചയിൽ 900 കോടി ഡോളർ ചെലവാക്കുമ്പോൾ അതിലും കുറഞ്ഞ തുക കൊണ്ട് ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിക്കാനാകുമെന്ന് ബെൽജിയം മുൻ പ്രധാനമന്ത്രി കൂടിയായ അലക്സാണ്ടർ ഡി ക്രൂ ഓർമ്മിപ്പിച്ചു.
വികസന സഹായങ്ങൾ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. അമേരിക്ക ഉൾപ്പെടെയുള്ള പ്രധാന രാജ്യങ്ങൾ സഹായധനം വെട്ടിക്കുറച്ചതോടെ കഴിഞ്ഞ വർഷം ആഗോള വികസന സഹായത്തിൽ 23 ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയത്. ഇത്തരം സഹായങ്ങൾ കുറയുന്ന സാഹചര്യത്തിൽ പുതിയ യുദ്ധപ്രതിസന്ധി കൂടി വരുന്നത് ലോകത്തെ വലിയൊരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.



