വാഷിംഗ്ടൺ- ഇറാനുമായുള്ള സൈനിക നീക്കങ്ങൾക്കായി അമേരിക്ക ഇതുവരെ 2,500 കോടി ഡോളർ ചെലവഴിച്ചതായി പെന്റഗൺ വ്യക്തമാക്കി. സംഘർഷം ആരംഭിച്ചതിനുശേഷം യുഎസ് സൈന്യം നേരിടേണ്ടി വന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് പുറത്തുവരുന്ന ആദ്യ ഔദ്യോഗിക കണക്കാണിത്. ചെലവായ തുകയിൽ ഭൂരിഭാഗവും ആയുധങ്ങൾക്കും മറ്റ് യുദ്ധോപകരണങ്ങൾക്കുമായാണ് വിനിയോഗിച്ചതെന്ന് പെന്റഗൺ കൺട്രോളറുടെ ചുമതലയുള്ള ജൂൾസ് ഹർസ്റ്റ് യുഎസ് ജനപ്രതിനിധി സഭയിൽ അറിയിച്ചു. എന്നാൽ, തകർക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണത്തിനുള്ള തുക ഇതിൽ ഉൾപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വർഷങ്ങളായി തങ്ങൾ ചോദിച്ചുകൊണ്ടിരുന്ന കണക്കുകൾ ഒടുവിൽ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഡെമോക്രാറ്റിക് പ്രതിനിധി ആദം സ്മിത്ത് ഇതിനോട് പ്രതികരിച്ചു.
ഫെബ്രുവരി 28-നാണ് ഇറാനെതിരെ അമേരിക്കൻ സൈന്യം ആക്രമണം തുടങ്ങിയത്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും മിഡിൽ ഈസ്റ്റിൽ അമേരിക്ക കനത്ത സൈനിക കാവൽ തുടരുകയാണ്. മൂന്ന് വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് അധിക സൈനികരെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. സംഘർഷത്തിനിടെ ഇതുവരെ 13 യുഎസ് സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത് അമേരിക്കൻ ഭരണകൂടത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
യുദ്ധം അമേരിക്കയിലെ സാധാരണക്കാരുടെ ജീവിതത്തെയും സാരമായി ബാധിച്ചു. എണ്ണ, പ്രകൃതിവാതക കയറ്റുമതി തടസ്സപ്പെട്ടതോടെ രാജ്യത്ത് ഗ്യാസോലിൻ വിലയും വളം ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിലയും കുതിച്ചുയർന്നു. വിലക്കയറ്റം ട്രംപ് സർക്കാരിന്റെ ജനപ്രീതിയെയും ബാധിച്ചിട്ടുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കിനിൽക്കെ, സർക്കാരിനെതിരായ പൊതുജനാഭിപ്രായം വർദ്ധിക്കുന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് ആശങ്കയുണ്ടാക്കുന്നു. ഇറാനുമായുള്ള യുദ്ധത്തെ അനുകൂലിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായാണ് പുതിയ സർവ്വേകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ റോയിട്ടേഴ്സ്/ഇപ്സോസ് വോട്ടെടുപ്പ് പ്രകാരം 34 ശതമാനം അമേരിക്കക്കാർ മാത്രമാണ് ഇപ്പോൾ ഇറാൻ യുദ്ധത്തെ അനുകൂലിക്കുന്നത്. മാർച്ചിൽ ഇത് 38 ശതമാനവും ഏപ്രിലിൽ 36 ശതമാനവും ആയിരുന്നു. യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഗ്യാസോലിൻ വിലക്കയറ്റവുമാണ് ജനങ്ങളെ ഭരണകൂടത്തിന് എതിരാക്കുന്നത്. ഈ സാഹചര്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് അനുകൂലമായ തരംഗമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.



