തെഹ്‌റാൻ– അമേരിക്ക തങ്ങൾക്കെതിരെ ആക്രമണം പുനരാരംഭിച്ചാൽ മേഖലയിലെ എണ്ണവ്യവസായ കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ. ഇറാന്റെ മണ്ണിൽ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം ഉണ്ടായാൽ അത് മിഡിൽ ഈസ്റ്റിലാകെ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കമാൻഡർ ജനറൽ മജീദ് മൂസവി വ്യക്തമാക്കി. ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ ഭൂപ്രദേശമോ വ്യോമതാവളങ്ങളോ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കരുതെന്ന് മജീദ് മൂസവി അയൽരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ശത്രുവിനെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങൾ പിന്നീട് എണ്ണ ഉൽപ്പാദനത്തോട് എന്നെന്നേക്കുമായി വിടപറയേണ്ടി വരുമെന്നും, ട്രംപിന്റെ ഭീഷണികൾക്ക് ശക്തമായ മറുപടി നൽകാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ നീട്ടൽ കേവലം ഒരു തന്ത്രമാണെന്ന് ഇറാൻ വിലയിരുത്തുന്നു. അപ്രതീക്ഷിതമായി ആക്രമണം നടത്താൻ സമയം ലാഭിക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ് ആരോപിച്ചു. ഇറാൻ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കയുടെ സാമ്പത്തിക ഉപരോധം ഒരു തരത്തിലുള്ള യുദ്ധമാണെന്നും ഇതിന് സൈനികമായ തിരിച്ചടി നൽകണമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളുമായി ബന്ധപ്പെട്ട് ഇറാൻ പുതിയ നിർദേശങ്ങൾ സമർപ്പിക്കുന്നത് വരെ വെടിനിർത്തൽ തുടരുമെന്നാണ് ട്രംപ് അറിയിച്ചിട്ടുള്ളത്. ഇറാൻ നേതൃത്വത്തിനുള്ളിലെ ഭിന്നതകൾ പരിഹരിച്ച് ഒരു ഏകീകൃത നിർദേശം മുന്നോട്ടുവെക്കാൻ സമയം നൽകണമെന്ന പാകിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
വെടിനിർത്തൽ നീട്ടിയെങ്കിലും ഇറാനുമേലുള്ള ഉപരോധങ്ങൾ തുടരുമെന്നും സൈന്യം ഏത് നിമിഷവും ആക്രമണത്തിന് തയ്യാറായിരിക്കണമെന്നും ട്രംപ് നിർദേശിച്ചിട്ടുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ആസിം മുനീറും നടത്തിയ ഇടപെടലുകളെ തുടർന്നാണ് ആക്രമണം താൽക്കാലികമായി മാറ്റിവെച്ചത്. ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാം ഘട്ട സമാധാന ചർച്ചകളിലേക്ക് പാകിസ്ഥാൻ ഇരുവിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഈ ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പരസ്പരവിരുദ്ധമായ നിലപാടുകളും അസ്വീകാര്യമായ നടപടികളുമാണ് തീരുമാനമെടുക്കാൻ വൈകുന്നതിന് കാരണമെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. ഏപ്രിൽ 8 മുതൽ നിലവിലുള്ള ഈ വെടിനിർത്തൽ സംബന്ധിച്ച് സമയക്രമത്തിൽ വിവിധ രാജ്യങ്ങൾക്കിടയിൽ ഇപ്പോഴും നേരിയ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്.



