തെഹ്‌റാൻ– അമേരിക്കയുമായുള്ള ചർച്ചകളിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ, തലസ്ഥാനമായ തെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഇറാന്റെ ശക്തിപ്രകടനം. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ കീഴിലുള്ള ‘ഖോറാംഷഹർ-4’, ‘ഇമാദ്’ എന്നീ മാരക പ്രഹരശേഷിയുള്ള മിസൈലുകളാണ് ബഹുജന റാലികളിൽ പ്രദർശിപ്പിച്ചത്. ഇറാൻ പതാകകളേന്തി തടിച്ചുകൂടിയ വലിയ ജനക്കൂട്ടത്തിന് നടുവിലൂടെ, കൂറ്റൻ ട്രക്കുകളിൽ ഘടിപ്പിച്ച നിലയിലാണ് മിസൈലുകൾ നീങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വെടിനിർത്തൽ ദീർഘിപ്പിക്കില്ലെന്നും ഇറാനിൽ ഇതുവരെ കാണാത്ത രീതിയിലുള്ള ശക്തമായ ആക്രമണങ്ങൾ നടത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ച് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, സമാധാന ചർച്ചകൾ പൂർത്തിയാകുന്നത് വരെ വെടിനിർത്തൽ തുടരുമെന്ന് ഇന്ന് പുലർച്ചെ ട്രംപ് പുതിയ പ്രഖ്യാപനം നടത്തി. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ചർച്ചകൾ തുടരുമ്പോഴും തങ്ങളുടെ സൈനിക കരുത്ത് വിളിച്ചോതുന്ന രീതിയിലുള്ള പ്രകടനവുമായി ഇറാൻ രംഗത്തെത്തിയത്.
https://x.com/WarMonitors/status/2046697007696208076



