തെഹ്‌റാൻ- ഇറാന്റെ ആണവ പദ്ധതികളും യുറേനിയം സമ്പുഷ്ടീകരണവും സംബന്ധിച്ച കാര്യങ്ങളിൽ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ ആണവോർജ്ജ സംഘടനയുടെ തലവൻ മുഹമ്മദ് ഇസ്ലാമി വ്യക്തമാക്കി. ഇറാന്റെ പാർലമെന്ററി ദേശീയ സുരക്ഷാ സമിതി വക്താവ് ഇബ്രാഹിം റെസായിയാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റിന്റെ സുരക്ഷാ-വിദേശനയ സമിതിയുടെ പ്രത്യേക യോഗത്തിൽ മുഹമ്മദ് ഇസ്ലാമി പങ്കെടുത്തതായും ഇറാന്റെ ആണവ നിലപാടുകളിൽ മാറ്റമില്ലെന്ന് അറിയിച്ചതായും മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആണവ വ്യവസായം ഉൾപ്പെടെയുള്ള ഇറാന്റെ ആഭ്യന്തര ശേഷികൾ തകർക്കാൻ ശത്രുക്കൾ ശ്രമിക്കുകയാണെന്ന് മുഹമ്മദ് ഇസ്ലാമി യോഗത്തിൽ പറഞ്ഞു. ഇറാന്റെ ആണവ പ്രവർത്തനങ്ങൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നും അത് തുടരുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ആണവ സാങ്കേതികവിദ്യയോ യുറേനിയം സമ്പുഷ്ടീകരണമോ ചർച്ചാ വിഷയമാക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങളും ആസ്തികളും സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ആധുനിക നേട്ടങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ ഈ മേഖലയിൽ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആണവ പദ്ധതികൾ സംബന്ധിച്ച് കൃത്യമായ ഉറപ്പുകൾ നൽകാത്തതിനാൽ ഇറാന്റെ പുതിയ നിർദ്ദേശങ്ങൾ നേരത്തെ അമേരിക്ക തള്ളിയിരുന്നു. ഇതിന് പിന്നാലെ, ഇറാനുമായുള്ള വെടിനിർത്തൽ കരാർ വെന്റിലേറ്ററിലാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.



