തെഹ്‌റാന്‍ – ഇനി മുതല്‍ ഒരു ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാര്‍ഹെഡുകളുള്ള മിസൈലുകള്‍ മാത്രം ഇസ്രായിലിനെതിരായ ആക്രമണത്തിന് ഉപയോഗിക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ എയ്റോസ്പേസ് ഫോഴ്സ് കമാന്‍ഡറായ ബ്രിഗേഡിയര്‍ ജനറല്‍ മജീദ് മൂസവി പറഞ്ഞു. ഇനി മുതല്‍, ഒരു ടണ്ണില്‍ താഴെ ഭാരമുള്ള വാര്‍ഹെഡുള്ള ഒരു മിസൈലും വിക്ഷേപിക്കില്ല. കൂടുതല്‍ വിനാശകരമായ ശക്തിയുള്ള വാര്‍ഹെഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബ്രിഗേഡിയര്‍ ജനറല്‍ മജീദ് മൂസവി പറഞ്ഞു. ഇറാന്റെ ആയുധ സംവിധാനത്തിലെ പ്രധാന വിഭാഗമായ എയ്റോസ്പേസ് ഫോഴ്സ് ഇറാനിലെ മിസൈല്‍ ആയുധശേഖരത്തിന്റെ വികസനത്തിനും പ്രവര്‍ത്തനത്തിനും മേല്‍നോട്ടം വഹിക്കുന്നു.
ഇസ്രായിലിലെ എലാ താഴ്വരയിലെ ബീറ്റ് ഷെമെഷിനടുത്തുള്ള എസ്.ഇ.എസ് സാറ്റലൈറ്റ് ഗ്രൗണ്ട് സ്റ്റേഷനില്‍ വ്യോമാക്രമണം ഉണ്ടായതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് എയ്റോസ്പേസ് ഫോഴ്സ് കമാന്‍ഡറുടെ പുതിയ മുന്നറിയിപ്പ്. തെല്‍ അവീവിനടുത്തുള്ള തന്ത്രപ്രധാനമായ പ്രദേശത്താണ് ഈ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഇതിനു നേരെ നേരിട്ട് ആക്രമണമുണ്ടായി. ഡാറ്റക്കും സിഗ്‌നല്‍ ട്രാന്‍സ്മിഷനും എസ്.ഇ.എസ് ഉപഗ്രഹങ്ങളെ വളരെയധികം ആശ്രയിക്കുന്നതിനാല്‍ ആക്രമണം മേഖലയിലെ ഉപഗ്രഹ ആശയവിനിമയം, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ സേവനങ്ങളെ ബാധിച്ചേക്കുമെന്ന് ഇസ്രായില്‍ മാധ്യമങ്ങള്‍ പറഞ്ഞു. അമേരിക്കന്‍, ഇസ്രായില്‍ ലക്ഷ്യങ്ങള്‍ക്കെതിരെ കനത്ത മിസൈലുകള്‍ ഉപയോഗിച്ചുകൊണ്ട് ട്രൂ പ്രോമിസ് 4 ഓപ്പറേഷന്റെ 31-ാമത്തെ ഘട്ടം നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.
യുദ്ധം എപ്പോള്‍ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഞങ്ങളാണെന്ന്, സംഘര്‍ഷം അവസാനിക്കുന്നതിനെ കുറിച്ചുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മറുപടി നല്‍കി. ഹുര്‍മുസ് കടലിടുക്കില്‍ യു.എസ് യുദ്ധക്കപ്പലുകളെ നേരിടാന്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തയ്യാറാണെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വക്താവ് അലി മുഹമ്മദ് നൈനി പ്രസ്താവിച്ചു. അമേരിക്കന്‍, ഇസ്രായിലി ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മേഖലയില്‍ നിന്ന് ഒരു ലിറ്റര്‍ എണ്ണ പോലും കയറ്റുമതി ചെയ്യാന്‍ ഇറാന്‍ അനുവദിക്കില്ലെന്ന് അലി മുഹമ്മദ് നൈനി പറഞ്ഞു.
യുദ്ധം അവസാനത്തോടടുക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പക്ഷേ ഈ ആഴ്ച യുദ്ധം അവസാനിക്കില്ല. യുദ്ധത്തിലെ ഏറ്റവും വലിയ അപകടസാധ്യത ആദ്യ ദിവസങ്ങളിലായിരുന്നു. ശത്രുവിനെ പൂര്‍ണ്ണമായും നിര്‍ണ്ണായകമായും പരാജയപ്പെടുത്തുന്നതുവരെ സൈനിക നടപടി തുടരും. മിഡില്‍ ഈസ്റ്റിലെ യുദ്ധം കാരണം എണ്ണ വില വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇറാന്‍ എണ്ണ വിതരണം തടസ്സപ്പെടുത്തിയാല്‍ കൂടുതല്‍ വലിയ ആക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഭീഷണി മുഴക്കി. ഒരു ഭീകരവാദ ഭരണകൂടം ലോകത്തെ ബന്ദികളാക്കി ലോകത്തിന്റെ എണ്ണ വിതരണം തടയാന്‍ ഞാന്‍ അനുവദിക്കില്ല. ഇറാന്‍ അത്തരത്തിലുള്ള എന്തെങ്കിലും ചെയ്താല്‍ കൂടുതല്‍ ശക്തമായ ആക്രമണം നേരിടേണ്ടിവരും. ഹുര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുടരും. ആവശ്യമെങ്കില്‍ യു.എസ് സൈന്യം കപ്പലുകള്‍ക്ക് കടലിടുക്കിലൂടെ അകമ്പടി സേവിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.
ഫെബ്രുവരി 28 ന് ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍ ഹുര്‍മുസ് കടലിടുക്കിലോ സമീപത്തോ ഏകദേശം 10 കപ്പലുകള്‍ ആക്രമിച്ചതായി ഡാറ്റ വിശകലന ഗ്രൂപ്പുകള്‍ പറയുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ആഴ്ച മുഴുവന്‍ തുടര്‍ന്ന ആക്രമണങ്ങള്‍, എണ്ണയും മറ്റ് സാധനങ്ങളും കൊണ്ടുപോകാനുള്ള നിര്‍ണായക പാതയായ ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായും സ്തംഭിപ്പിച്ചു.



