ബെയ്‌റൂത്ത് – ഇസ്രായിലും ലെബനോനും തമ്മിൽ ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചകൾ റദ്ദാക്കണമെന്ന് ഹിസ്ബുല്ല ആവശ്യപ്പെട്ടു. ഇത്തരം ചർച്ചകൾ വ്യർത്ഥമാണെന്ന് വിശേഷിപ്പിച്ച ഹിസ്ബുല്ല സെക്രട്ടറി ജനറൽ നഈം ഖാസിം, അക്രമികളായ ഇസ്രായിൽ സർക്കാരുമായുള്ള യാതൊരുവിധ ചർച്ചകളും അംഗീകരിക്കില്ലെന്ന് ടെലിവിഷൻ പ്രസംഗത്തിലൂടെ വ്യക്തമാക്കി. അമേരിക്കയുടെ നേതൃത്വത്തിൽ ലെബനീസ്-ഇസ്രായിൽ അംബാസഡർമാർ പങ്കെടുക്കുന്ന യോഗം നടക്കാനിരിക്കെയാണ് ഹിസ്ബുല്ലയുടെ ഈ ശക്തമായ നീക്കം. ഇസ്രായിലുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ തുടങ്ങുന്നതിന് മുൻപ് ലെബനോനിലെ വിവിധ കക്ഷികൾക്കിടയിൽ ആന്തരികമായ സമവായം ഉണ്ടാകണമെന്നും അത്തരമൊരു ധാരണയില്ലാതെ ചർച്ചകളുമായി മുന്നോട്ട് പോകാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 2 മുതൽ തുടരുന്ന യുദ്ധത്തിന് വെടിനിർത്തൽ കണ്ടെത്തുകയാണ് ചർച്ചകളുടെ ലക്ഷ്യമെന്ന് ലെബനീസ് അധികൃതർ വ്യക്തമാക്കുമ്പോഴും, ഹിസ്ബുല്ലയുടെ നിരായുധീകരണമടക്കമുള്ള കർശന ഉപാധികളാണ് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നോട്ടുവെക്കുന്നത്. ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിന് പ്രതികാരമായി മാർച്ച് രണ്ടിന് ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തോടെയാണ് യുദ്ധം ലെബനോനിലേക്ക് വ്യാപിച്ചത്. ഇസ്രായിലിന്റെ വ്യോമാക്രമണങ്ങളിൽ ഇതുവരെ 2,089 ലെബനീസ് പൗരന്മാർ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
യുദ്ധക്കളത്തിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച നഈം ഖാസിം, തങ്ങൾ കീഴടങ്ങാൻ തയ്യാറല്ലെന്നും അവസാന ശ്വാസം വരെ പോർക്കളത്തിൽ തുടരുമെന്നും വ്യക്തമാക്കി. നിലവിൽ തെക്കൻ ലെബനോനിലെ അതിർത്തി മേഖലകളിൽ ഇസ്രായിൽ സൈന്യവും ഹിസ്ബുല്ല പോരാളികളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. നയതന്ത്ര നീക്കങ്ങളേക്കാൾ യുദ്ധക്കളത്തിലെ പ്രകടനത്തിന് മുൻഗണന നൽകുമെന്ന സൂചനയാണ് ഹിസ്ബുല്ല നൽകുന്നത്.



