മക്ക – വിശുദ്ധ ഹറമിലെ അനിയന്ത്രിതമായ തിരക്ക് കുറക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. മക്ക ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനുള്ള പ്രത്യേക പുണ്യം മസ്ജിദുല്‍ ഹറാമില്‍ വെച്ച് നിര്‍വഹിക്കുന്ന നമസ്‌കാരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ഹറമിന്റെ അതിര്‍ത്തിക്കുളളില്‍ സ്ഥിതി ചെയ്യുന്ന എല്ലാ പള്ളികളിലും നിര്‍വഹിക്കുന്ന നമസ്‌കാരങ്ങള്‍ക്കും ഈ പുണ്യം ലഭിക്കും. ഹറമിലെ തിരക്ക് കുറക്കാനും ഉംറ തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാനും വിശ്വാസികള്‍ തങ്ങള്‍ക്ക് ഏറ്റവുമടുത്തുള്ള പള്ളികള്‍ പ്രാർത്ഥനക്കായി തെരഞ്ഞെടുക്കണം.
മക്കയില്‍ ഹറം പരിധിയിലുള്ള മറ്റു മസ്ജിദുകളില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിന് ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ അതേ പുണ്യം ലഭിക്കും. വിശുദ്ധ ഹറമില്‍ സന്ദര്‍ശകരുടെയും തീര്‍ഥാടകരുടെയും നീക്കം സുഗമമാക്കാന്‍ ഇത് സഹായിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

വിശുദ്ധ റമദാന്‍ സമാഗതമായതോടെ കടുത്ത തിരക്കാണ് ഹറമില്‍ അനുഭവപ്പെടുന്നത്. റമദാനില്‍ ഉംറ കര്‍മം നിര്‍വഹിക്കാനും ഹറമില്‍ ഇഫ്താറിലും തറാവീഹ് നമസ്‌കാരങ്ങളിലും പങ്കെടുക്കാനും വിദേശങ്ങളില്‍ നിന്നും സൗദി അറേബ്യയുടെ മറ്റു നഗരങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളാണ് മക്കയില്‍ ഒഴുകിയെത്തുന്നത്. ഇതിനു പുറമെ മക്ക നഗരത്തിന്റെ മുക്കുമൂലകളില്‍ നിന്നും പതിനായിരക്കണക്കിന് സ്വദേശികളും വിദേശികളും ദിവസേന ഹറമിലെത്തുന്നു. ഈ പശ്ചാത്തലത്തിലാണ് മക്ക നിവാസികളും ഹറമില്‍ നിന്ന് ദൂരെ താമസിക്കുന്നവരും മറ്റും തങ്ങള്‍ക്കു സമീപമുള്ള മസ്ജിദുകള്‍ തെരഞ്ഞെടുക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടത്.