മക്ക – തിരക്കുള്ള സമയങ്ങളില്‍ വിശുദ്ധ ഹറമിലേക്ക് കുട്ടികളെ ഒപ്പം കൊണ്ടുവരരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ സെക്യൂരിറ്റി കണ്‍ട്രോള്‍ സെന്റര്‍ (911) തീര്‍ഥാടകരോടും വിശ്വാസികളോടും ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ തിരക്കുള്ള സമയങ്ങളില്‍ അവരെ ഹറമിലേക്ക് കൊണ്ടുവരരുത്. തിരക്കേറുന്ന നമസ്‌കാര സമയങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരുടെയും സുഖസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് ഏറെ പ്രാധനമാണെന്നും നാഷണല്‍ സെക്യൂരിറ്റി കണ്‍ട്രോള്‍ സെന്റര്‍ പറഞ്ഞു.
പ്രത്യേകം സജ്ജീകരിച്ച ശിശുസംരക്ഷണ കേന്ദ്രങ്ങളിലൂടെ കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതായി ഹറംകാര്യ വകുപ്പ് വ്യക്തമാക്കി. കുട്ടികള്‍ക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യാനായി ഈ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

തങ്ങളുടെ ഇളംപ്രായത്തിലുള്ള കുട്ടികളെ ശിശുപരിചരണ കേന്ദ്രങ്ങളില്‍ ഏല്‍പിക്കുന്നതിലൂടെ മാതാപിതാക്കള്‍ക്ക് ഹറമില്‍ ആശ്വാസത്തോടെയും മനഃസമാധാനത്തോടെയും ആരാധന നടത്താന്‍ സാധിക്കും. ഈ കേന്ദ്രങ്ങളില്‍ നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതമായ കൈകളിലാണ്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സൗകര്യങ്ങളും പരിചരണങ്ങളും അവര്‍ക്ക് നല്‍കുന്നുണ്ട്. അങ്ങിനെ സന്ദര്‍ശകര്‍ക്ക് യാതൊരു ആശങ്കയുമില്ലാതെ ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കഴിയുമെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു. മസ്ജിദുന്നബവിയിലും ഹറംകാര്യ വകുപ്പ് ശിശുപരിചരണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.