ജിദ്ദ – വ്യാജ ഹജ് പരസ്യങ്ങളിലും ഓഫറുകളിലും കുടുങ്ങി വഞ്ചിതരാകരുതെന്ന് ഹജ് കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവരോട് സൗദി അറേബ്യ ആവശ്യപ്പെട്ടു. സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുവദിക്കുന്ന ഹജ് വിസയിലാണ് വിദേശങ്ങളില്‍ നിന്നുള്ളവര്‍ ഹജ് കര്‍മം നിര്‍വഹിക്കാന്‍ പുണ്യഭൂമിയിലേക്ക് വരേണ്ടതെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. എണ്‍പതു രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ തങ്ങളുടെ രാജ്യങ്ങളിലെ ഹജ് മിഷനുകളുമായി ഏകോപനം നടത്തിയാണ് ഹജിന് വരേണ്ടത്. ഹജ് മിഷനുകളില്ലാത്ത 126 രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് നുസുക് ആപ്പ് വഴി ഹജിന് നേരിട്ട് ബുക്ക് ചെയ്യാന്‍ സാധിക്കും.
ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഇ-ട്രാക്ക് വഴിയും നുസുക് ആപ്പ് വഴിയുമാണ് സൗദി അറേബ്യക്കകത്തു നിന്നുള്ള സ്വദേശികളും വിദേശികളും ഹജിന് രജിസ്റ്റര്‍ ചെയ്യേണ്ടത്. അനൗദ്യോഗിക ചാനലുകള്‍ നല്‍കുന്ന ഓഫറുകളും വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ചാനലുകള്‍ ബന്ധപ്പെട്ട വകുപ്പുകളെ പ്രതിനിധീകരിക്കുന്നില്ല.
ഹജുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും സൗദി അറേബ്യക്കകത്തു നിന്ന് 1966 എന്ന നമ്പറിലും വിദേശങ്ങളില്‍ നിന്ന് 00966920002814 എന്ന നമ്പറിലും care@haj.gov.sa എന്ന ഇ-മെയിലിലും പില്‍ഗ്രിംസ് കെയര്‍ സെന്ററില്‍ വ്യത്യസ്ത ഭാഷകളില്‍ ഇരുപത്തിനാലു മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഉംറ വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രില്‍ 29 (ദുല്‍ഖഅ്ദ 1) ആണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉംറ വിസയില്‍ വിദേശ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 13 (ശവ്വാല്‍ 15) ആണ്. ഹജിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി, ഏപ്രില്‍ 29 നു ശേഷം തീര്‍ഥാടകര്‍ സൗദിയില്‍ തങ്ങുന്നത് നിയമ ലംഘനമായി കണക്കാക്കും. ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
ഉംറ വിസയില്‍ രാജ്യത്തെത്തുന്നവരും ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ നിശ്ചിത സമയത്ത് സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം. ഉംറ തീര്‍ഥാടകര്‍ നിശ്ചിത സമയത്തിനകം രാജ്യം വിടാത്തതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന ഉംറ സര്‍വീസ് കമ്പനികള്‍ക്ക് തീര്‍ഥാടകരില്‍ ഒരാള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ തോതില്‍ പിഴ ചുമത്തും. മറ്റു നിയമാനുസൃത ശിക്ഷാ നടപടികളും നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
വിസാ കാലാവധിക്കുള്ളില്‍ രാജ്യം വിടാതെ അനധികൃതമായി സൗദിയില്‍ തങ്ങുന്ന ഹജ്, ഉംറ തീര്‍ഥാടകരെ കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിക്കാതിരിക്കുന്ന ഹജ്, ഉംറ സര്‍വീസ് കമ്പനികള്‍ക്ക്, നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്ന ഓരോ തീര്‍ഥാടകര്‍ക്കും ഒരു ലക്ഷം റിയാല്‍ തോതില്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയവും മുറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹജ്, ഉംറ നിയമങ്ങളും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ഹജ്, ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണം. വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത ഹജ്, ഉംറ തീര്‍ഥാടകരെ കുറിച്ച് അവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന സര്‍വീസ് കമ്പനികള്‍ ബന്ധപ്പെട്ട വകുപ്പുകളെ താമസംവിനാ അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന മുഴുവന്‍ സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഈജിപ്ത്, ജോര്‍ദാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഉംറ, വിസിറ്റ് വിസകളിലെത്തിയ പതിനായിരക്കണക്കിനാളുകള്‍ അനധികൃതമായി രാജ്യത്ത് തങ്ങി നിയമ വിരുദ്ധമായി ഹജ് കര്‍മം നിര്‍വഹിച്ചിരുന്നു. കടുത്ത ചൂടില്‍ യാത്രാ, താമസസൗകര്യങ്ങളും മറ്റു പരിചരണങ്ങളും ലഭിക്കാത്തതിനാല്‍ പ്രായമായ നിരവധി തീര്‍ഥാടകര്‍ കടുത്ത ക്ഷീണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാല്‍ മരണപ്പെട്ടിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ തടയാന്‍ ഇത്തവണ കൂടുതല്‍ ശക്തമായ ബോധവല്‍ക്കരണങ്ങള്‍ നടത്തുകയും കര്‍ക്കശ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.