മക്ക- കടുത്ത ചൂടിനെ തുടർന്ന് ഹജ് തീർത്ഥാടകർക്ക് സുപ്രധാന ആരോഗ്യമുന്നറിയിപ്പുമായി ഹജ് ഉംറ മന്ത്രാലയം. രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് നാലുവരെ നേരിട്ട് വെയിൽ ഏൽക്കുന്ന സഹചര്യങ്ങളിൽനിന്ന് മാറി നിൽക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. പുറത്തിറങ്ങുന്നവർ കുടകൾ ഉപയോഗിക്കണമെന്നും ഒരു കാരണവശാലും നേരിട്ട് വെയിലും ചൂടുമേൽക്കുന്ന സഹചര്യങ്ങൾ ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വിശുദ്ധ സ്ഥലങ്ങളിൽ അന്തരീഷ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം നൽകുന്ന മുന്നറിയിപ്പ്
ചൂട് മൂലമുണ്ടാകുന്ന സമ്മർദ്ദവും സൂര്യാതപവും സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പുമായി ബന്ധപ്പെട്ട്, പുറപ്പെടുവിച്ചിട്ടുള്ള പ്രതിരോധ നടപടികൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വരെ കടുത്ത ചൂട് മൂലം 2,500 ഓളം പേര്‍ക്ക് സൂര്യാഘാതം നേരിടുകയും ദേഹാസ്വാസ്ഥ്യങ്ങളും ക്ഷീണവും അനുഭവപ്പെടുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്.
സൂര്യാഘാതം അടക്കം ഉയര്‍ന്ന ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യ മന്ത്രാലയം വിപുലമായ ക്രമീകരണങ്ങളും സജ്ജീകരണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
ഉയര്‍ന്ന താപനില സൃഷ്ടിക്കുന്ന ഭീഷണികളും അപകടങ്ങളും കണക്കിലെടുത്ത് എല്ലാവരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഏതു സമയവും കുടകള്‍ ഏന്തി നടക്കണമെന്നും നഗ്നപാദരായി നടക്കരുതെന്നും ധാരാളം പാനീയങ്ങള്‍ കുടിക്കണമെന്നും ഇടക്കിടക്ക് വിശ്രമിക്കണമെന്നും ആരോഗ്യ മന്ത്രാലയം തുടർച്ചയായി ആവശ്യപ്പെടുന്നുണ്ട്.