ബെയ്റൂത്ത് – ലോകത്തെ പ്രധാന സംഘർഷങ്ങൾ തടയുന്നതിന് ആവശ്യമായ കാര്യക്ഷമത യു.എൻ രക്ഷാസമിതിക്കില്ലെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുറന്നുസമ്മതിച്ചു. ലെബനൻ സന്ദർശനത്തിന്റെ ഭാഗമായി ബെയ്റൂത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങൾ ഉപയോഗിക്കുന്ന ‘വീറ്റോ’ അധികാരം സമിതിയുടെ നിയമസാധുതയെയും കാര്യക്ഷമതയെയും ബാധിക്കുന്നുണ്ടെന്നും, 1945-ലെ ലോകക്രമത്തിൽ കുടുങ്ങിക്കിടക്കുന്ന സമിതി ഇന്നത്തെ ആഗോള യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. സമീപഭാവിയിലൊന്നും ഈ സ്ഥിതിക്ക് മാറ്റമുണ്ടാകില്ലെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.
ഹിസ്ബുല്ലയും ഇസ്രായിലും തമ്മിലുള്ള ശത്രുത വർധിക്കുന്നതിനിടെ ലെബനൻ നേരിടുന്ന കനത്ത മാനുഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു ഗുട്ടെറസിന്റെ സന്ദർശനം. ഇസ്രായിൽ നടത്തുന്ന വ്യോമാക്രമണങ്ങളും വലിയ തോതിലുള്ള കുടിയിറക്കലും മേഖലയെ ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമെന്ന ഭീതി അദ്ദേഹം പങ്കുവെച്ചു. ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായിൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് മറുപടിയായി ഹിസ്ബുല്ല നടത്തിയ ആക്രമണങ്ങളെ പരാമർശിച്ച അദ്ദേഹം, ലെബനീസ് ജനത ഈ യുദ്ധം തിരഞ്ഞെടുത്തതല്ലെന്നും അവർ ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നുവെന്നും പറഞ്ഞു.
സംഘർഷത്തിന് സൈനികമായ പരിഹാരമില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ സമാധാനം സ്ഥാപിക്കാൻ കഴിയൂ എന്നും യു.എൻ മേധാവി വ്യക്തമാക്കി. യു.എൻ ചാർട്ടറും രക്ഷാസമിതി പ്രമേയങ്ങളും പൂർണ്ണമായി നടപ്പിലാക്കാൻ അന്താരാഷ്ട്ര മധ്യസ്ഥത അനിവാര്യമാണ്. ലെബനനിലെ തന്റെ പ്രത്യേക കോർഡിനേറ്റർ മുഖേന എല്ലാ പങ്കാളികളുമായും 24 മണിക്കൂറും ചർച്ചകൾ നടക്കുന്നുണ്ടെന്നും സംഘർഷം ലഘൂകരിക്കാൻ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ അതിർത്തിയിൽ യു.എൻ സമാധാന സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. സമാധാന സേനാംഗങ്ങൾക്കും യു.എൻ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അവ യുദ്ധക്കുറ്റങ്ങളായി കണക്കാക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ലെബനനിലെ കുടിയിറക്കപ്പെട്ടവരെ പിന്തുണയ്ക്കുന്നതിനായി 32.5 കോടി ഡോളറിന്റെ ധനസമാഹരണത്തിന് ഗുട്ടെറസ് തുടക്കം കുറിച്ചു. ഹിസ്ബുല്ലയെ നിരായുധീകരിക്കുമെന്ന് ഉറപ്പുനൽകിയ ലെബനീസ് സർക്കാരിനെ അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ലെബനീസ് സായുധ സേനയെ ശാക്തീകരിക്കാനും മാനുഷിക ആവശ്യങ്ങളോട് ഉദാരമായി പ്രതികരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അഭയകേന്ദ്രങ്ങൾ സന്ദർശിച്ചപ്പോൾ കുടിയിറക്കപ്പെട്ടവരിൽ നിന്ന് കേട്ട സാക്ഷ്യങ്ങൾ തന്നെ വളരെയധികം ദുഃഖിതനാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2006-ലെ ഇസ്രായിൽ-ഹിസ്ബുല്ല യുദ്ധത്തിന് ശേഷം അംഗീകരിച്ച യു.എൻ പ്രമേയം 1701 നടപ്പിലാക്കാൻ സൈനികമായ നീക്കം മാത്രം പോരാ എന്നും സർക്കാരിന്റെ സജീവമായ രാഷ്ട്രീയ ശ്രമങ്ങൾ ആവശ്യമാണെന്നും ഗുട്ടെറസ് നിരീക്ഷിച്ചു. ലെബനന്റെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ഇസ്രായിൽ മാനിക്കണമെന്നും ഈ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം മടങ്ങിയത്. ലെബനനിനായുള്ള യു.എൻ പ്രത്യേക കോർഡിനേറ്റർ ജീനിൻ ഹെന്നിസ്-പ്ലാഷാർട്ട്, മേജർ ജനറൽ ഡയോഡാറ്റോ അബാഗ്‌നാര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



