അഹ്‌മദാബാദ്: തുടര്‍തോല്‍വികള്‍ക്കൊടുവില്‍ ലഖ്‌നൗ ആശ്വാസജയം. ടേബിള്‍ ടോപ്പര്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ സ്വന്തം തട്ടകത്തില്‍ 33 റണ്‍സിനാണ് സൂപ്പര്‍ ജയന്റ്‌സ് തകര്‍ത്തത്. വെടിക്കെട്ട് സെഞ്ച്വറിയുമായി മിച്ചല്‍ മാര്‍ഷും(117), ഫയര്‍പവര്‍ ഫിഫ്റ്റിയുമായി നിക്കോളാസ് പൂരാനും(56*) ചേര്‍ന്ന് ഉയര്‍ത്തിയ 235 എന്ന കൂറ്റന്‍ ടോട്ടല്‍ ചേസ് ചെയ്യാനാകാതെ ആതിഥേയര്‍ ഇടറിവീഴുകയായിരുന്നു. 20 ഓവറില്‍ 202 റണ്‍സില്‍ ഗുജറാത്തിന്റെ പോരാട്ടം അവസാനിച്ചു.
നേരത്തെ, ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ സന്ദര്‍ശകരെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. എന്നാല്‍, ഗില്ലിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു ലഖ്‌നൗവിന്റെ ബാറ്റിങ്. ഒരിക്കല്‍കൂടി ഐഡന്‍ മാര്‍ക്രാം-മിച്ചല്‍ മാര്‍ഷ് ഓപണിങ് കൂട്ടുകെട്ട് ടീമിനു മികച്ച അടിത്തറയൊരുക്കി. ബൗളര്‍മാരെ ഗില്‍ മാറിമാറി പരീക്ഷിച്ചിട്ടും കൂട്ടുകെട്ട് പിരിക്കാനായില്ല. സിക്‌സറുകളും ബൗണ്ടറികളുമായി ഒരു പിടിയും നല്‍കാതെ തകര്‍ത്താടുകയായിരുന്നു രണ്ടുപേരും.
ഒടുവില്‍ പത്താം ഓവറിലാണ് ഗുജറാത്ത് ക്യാംപില്‍ ശ്വാസം നേരെ വീഴുന്നത്. മാര്‍ക്രാമിനെ(24 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 36) ലോങ് ഓഫില്‍ ഷാരൂഖ് ഖാന്റെ കൈകളിലെത്തിച്ച് സായ് കിഷോറാണ് ടീമിനു ബ്രേക്ത്രൂ സമ്മാനിച്ചത്. ആദ്യ വിക്കറ്റ് വീണെങ്കിലും പക്ഷേ ഗുജറാത്തിന് ആശ്വസിക്കാന്‍ വകയുണ്ടായിരുന്നില്ല. അടുത്തത് നിക്കോളാസ് പൂരാന്റെ വരവായിരുന്നു. മാര്‍ഷിന്റെ വെടിക്കെട്ട് പൂരത്തില്‍ തുടക്കത്തില്‍ കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു പൂരാനുണ്ടായിരുന്നത്. റാഷിദ് ഖാന്‍ എറിഞ്ഞ 12-ാം ഓവറില്‍ രണ്ടു വീതം സിക്‌സറും ബൗണ്ടറിയും പറത്തി 25 റണ്‍സാണ് ഓസീസ് ഓള്‍റൗണ്ടര്‍ അടിച്ചുകൂട്ടിയത്. മുഹമ്മദ് സിറാജ് എറിഞ്ഞ 16-ാം ഓവറില്‍ മാര്‍ഷും പൂരാനും ചേര്‍ന്ന് 20 റണ്‍സും അടിച്ചെടുത്തു.
പിന്നാലെ ആദ്യ ഐ.പി.എല്‍ സെഞ്ച്വറിയും കുറിച്ചു മാര്‍ഷ്. സെഞ്ച്വറിക്കു ശേഷവും സംഹാരതാണ്ഡവം തുടര്‍ന്ന താരത്തെ ഒടുവില്‍ അര്‍ഷദ് ഖാനാണു പിടിച്ചുകെട്ടുന്നത്. ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡിന്റെ മികച്ചൊരു ക്യാച്ചില്‍ പവലിയനിലേക്കു മടങ്ങുമ്പോള്‍ 18 ഓവറില്‍ രണ്ടിന് 212 ആയിരുന്നു ഗുജറാത്തിന്റെ സ്‌കോര്‍. 64 പന്ത് നേരിട്ട് എട്ട് സിക്‌സറും പത്ത് ബൗണ്ടറിയും സഹിതം 117 റണ്‍സുമായാണ് താരം പുറത്തായത്. അവസാന ഓവറുകളില്‍ തകര്‍പ്പനടികളുമായി പൂരാനും നായകന്‍ ഋഷഭ് പന്തും ടീം ടോട്ടല്‍ 235 എന്ന കൂറ്റന്‍ സ്‌കോറിലുമെത്തിച്ചു. പൂരാന്‍ 27 പന്തില്‍ അഞ്ച് സിക്‌സറും നാല് ബൗണ്ടറിയും സഹിതം 56 റണ്‍സുമായും പന്ത് ആറ് പന്തില്‍ രണ്ട് സിക്‌സര്‍ സഹിതം 16 റണ്‍സുമായും പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും മികച്ച ഫോമിലുള്ള സായ് സുദര്‍ശനെ അഞ്ചാം ഓവറില്‍ തന്നെ നഷ്ടപ്പെട്ടു. 16 പന്തില്‍ 21 റണ്‍സുമായി സായ് മടങ്ങിയതിനു പിന്നാലെ നായകന്‍ ശുഭ്മന്‍ ഗില്ലും(20 പന്തില്‍ ഏഴ് ബൗണ്ടറി സഹിതം 35) പുറത്തായി. വന്‍ ടോട്ടല്‍ ചേസ് ചെയ്യുന്നതിനിടെ സീസണില്‍ ആദ്യമായി ടൈറ്റന്‍സ് മധ്യനിര തുറന്നുകാട്ടപ്പെടുന്നതാണു പിന്നീട് കണ്ടത്. മൂന്നാം നമ്പറില്‍ ജോസ് ബട്‌ലര്‍(18 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 33) വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തെങ്കിലും വലിയ സ്‌കോറിലെത്തിക്കാനാകാതെ ഇടയ്ക്കു വീണു.
ടൈറ്റന്‍സ് മൂന്നിന് 96. ലഖ്‌നൗ വമ്പന്‍ വിജയം ഏറെക്കുറെ ഉറപ്പിച്ച സമയം. എന്നാല്‍, പിന്നീട് കണ്ടത് ഗുജറാത്തിന്റെ കൗണ്ടര്‍ അറ്റാക്കായിരുന്നു. അതിവേഗം കീഴടങ്ങുമെന്നു കരുതപ്പെട്ട മധ്യനിര ആദ്യമായി തങ്ങളുടെ ശേഷി പുറത്തെടുത്തു. റൂഥര്‍ഫോര്‍ഡും ഷാരൂഖ് ഖാനും ചേര്‍ന്ന് വെടിക്കെട്ട് ഷോയുമായി തിരിച്ചടിച്ച് ടൈറ്റന്‍സിന്റെ പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കി. എന്നാല്‍, 17-ാം ഓവറില്‍ കിവീസ് പേസര്‍ വില്‍ ഒറൂര്‍ക്ക് ലഖ്‌നൗവിന് ബ്രേക്ത്രൂ സമ്മാനിച്ചു. കൂറ്റനടിക്കുള്ള ശ്രമത്തിനിടെ ഡീപ് മിഡ്‌വിക്കറ്റില്‍ രവി ബിഷ്‌ണോയ് പിടിച്ച് റൂഥര്‍ഫോര്‍ഡ്(022 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും സഹിതം 38) പുറത്ത്.
ആ നിര്‍ണായക വിക്കറ്റോടെ ഗുജറാത്തിന്റെ പോരാട്ടവും അവസാനിച്ചു. ഷാരൂഖ് ഖാന്‍ ഐ.പി.എല്‍ കരിയറിലെ രണ്ടാം ഫിഫ്റ്റി കുറിച്ചെങ്കിലും പിന്നീട് വന്നവരെല്ലാം താരത്തിനു പിന്തുണ നല്‍കാനാകാതെ മടങ്ങി. ഒടുവില്‍ ആവേശ് ഖാന്റെ പന്തില്‍ പുറത്തായി ഷാരൂഖും(29 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 57) തിരിച്ചുനടന്നതോടെ ഗുജറാത്തിന്റെ അവസാന പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു.