ദമാസ്‌കസ് – അധികാരഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ സര്‍ക്കാര്‍ കൊലപ്പെടുത്തിയ ഒരു ലക്ഷം പേരുടെ മൃതദേഹങ്ങളെങ്കിലും തലസ്ഥാനമായ ദമാസ്‌കസിന് സമീപം കണ്ടെത്തിയ കൂട്ടശവക്കുഴിമാടത്തില്‍ ഉള്ളതായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ സംഘടനയുടെ തലവന്‍ മുആദ് മുസ്തഫ പറഞ്ഞു. ദമാസ്‌കസില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്ക് ഖുതൈഫയിലാണ് കൂട്ടശവക്കുഴിമാടം കണ്ടെത്തിയതെന്ന് സിറിയന്‍ എമര്‍ജന്‍സി ഓര്‍ഗനൈസേഷന്‍ തലവന്‍ മുആദ് മുസ്തഫ പറഞ്ഞു. അഞ്ച് കൂട്ടക്കുഴിമാടങ്ങളില്‍ ഒന്നാണിത്. ഇവിടെ ചുരുങ്ങിയത് ഒരു ലക്ഷം മൃതദേഹങ്ങള്‍ അടക്കം ചെയ്തതായാണ് കണക്കാക്കുന്നത്. അഞ്ചില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൂട്ടശവക്കുഴിമാടങ്ങളുണ്ടെന്ന് തനിക്ക് ഉറപ്പുണ്ട്. മരിച്ചവരില്‍ അമേരിക്കന്‍, ബ്രിട്ടീഷ് പൗരന്മാരും മറ്റ് വിദേശികളും ഉള്‍പ്പെടുന്നുവെന്നും മുസ്തഫ പറഞ്ഞു.
അതേസമയം, ദര്‍ആയിലെ ഗ്രാമപ്രദേശത്തെ ഒരു കൂട്ടക്കുഴിമാടത്തില്‍ നിന്ന് 34 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. ഇക്കൂട്ടത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളുണ്ട്. പത്തു വര്‍ഷത്തിലേറെ മുമ്പാണ് ഇവ കുഴിച്ചിട്ടതെന്നാണ് കരുതുന്നത്.

യുദ്ധകാലത്ത് സിറിയന്‍ മിലിട്ടറി ഇന്റലിജന്‍സിന് കീഴിലുള്ള മിലീഷ്യയുടെ നിയന്ത്രണത്തിലുള്ള ഫാമിലാണ് ശവക്കുഴിമാടം കണ്ടെത്തിയത്. പ്രദേശത്ത് കുഴിച്ചിട്ടിരിക്കുന്ന കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. ഇസ്‌റഅ് നഗരത്തില്‍ കൂട്ടശവക്കുഴിമാടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സമാനമായ സാഹചര്യത്തില്‍ ആയിരക്കണക്കിന് സിറിയന്‍ തടവുകാരെ കൊന്ന് ദമാസ്‌കസിനു സമീപം കുഴിച്ചുമൂടിയിട്ടുണ്ടെന്നാണ് കരുതുന്നത്.
അപ്രത്യക്ഷരായ ആയിരക്കണക്കിന് തടവുകാരുടെ ദുരിതങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയ കൂട്ടശവക്കുഴിമാടങ്ങള്‍ ഓര്‍മിപ്പിക്കുന്നു. അവരില്‍ പലര്‍ക്കും എന്താണ് സംഭവിച്ചത് എന്ന് ഇന്നും അജ്ഞാതമായി തുടരുകയാണ്. സിറിയന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കല്‍ ഇത് കൂടുതല്‍ ദുഷ്‌കരമാക്കുന്നു.
സന്‍ആയില്‍ ഹൂത്തി കേന്ദ്രത്തില്‍
അമേരിക്കന്‍ വ്യോമാക്രമണം
സന്‍ആ – യെമനില്‍ ഹൂത്തികള്‍ക്കു കീഴിലെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിനു നേരെ വ്യോമാക്രമണം നടത്തിയതായി യു.എസ് സൈന്യം അറിയിച്ചു. ചെങ്കടലിനു തെക്കും ഏദന്‍ ഉള്‍ക്കടലിലും അമേരിക്കന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ക്കും വ്യാപാരക്കപ്പലുകള്‍ക്കും നേരെ ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രം ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് യു.എസ് ആര്‍മി സെന്‍ട്രല്‍ കമാന്‍ഡ് എക്സ് പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ പറഞ്ഞു. യെമന്‍ തലസ്ഥാനമായ സന്‍ആയിലെ അല്‍അര്‍ദി സമുച്ചയം ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച രാത്രി അമേരിക്ക ആക്രമണം നടത്തിയതെന്ന് ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി പറഞ്ഞു.