കൊച്ചി: പെൺകുട്ടിയുടെ പരാതിയിൽ യൂട്യൂബറും ആലപ്പുഴ മാന്നാർ സ്വദേശിയുമായ ഗോവിന്ദ് വി.ജെ എന്ന വി.ജെ മച്ചാനെ പോലീസ് പോക്‌സോ കേസിൽ അറസ്റ്റുചെയ്തു. ലൈംഗികമായി പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നാണ് മച്ചാനെ അറസ്റ്റ് ചെയ്തതെന്ന് കളമശ്ശേരി പോലീസ് പറഞ്ഞു.
പ്രതിക്ക് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടതിനു ശേഷം തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് കളമശ്ശേരി സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി. പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ചോദ്യംചെയ്തു വരികയാണ്. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നാണ് വിവരം.
