ഗാസ – പതിനഞ്ചു മാസം നീണ്ട യുദ്ധത്തില്‍ ഗാസയില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അഞ്ചു കോടിയിലേറെ ടണ്‍ വരുന്ന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 21 വര്‍ഷമെടുക്കുമെന്ന് കണക്കാക്കുന്നതായി ഐക്യരാഷ്ട്രസഭ പറഞ്ഞു. അഭൂതപൂര്‍വവും ഭീകരവുമായ നാശനഷ്ടങ്ങള്‍, തകര്‍ന്ന് തരിപ്പണമായ പശ്ചാത്തല സൗകര്യങ്ങള്‍, ജീവിതത്തിന്റെ അടയാളങ്ങളും അടിത്തറകളും മുച്ചൂടും നശിപ്പിക്കപ്പെടല്‍ എന്നിവയാണ് ഗാസയിലെ ക്രൂരമായ ഇസ്രായിലി ആക്രമണം അവശേഷിപ്പിച്ചത്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം യുദ്ധത്തില്‍ 48,000 ലേറെ പേര്‍ കൊല്ലപ്പെടുകയും 1,20,000 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.
യുദ്ധം ഗാസയെ അഭൂതപൂര്‍വമായ നാശത്തിലേക്ക് തള്ളിവിട്ടു. കോടിക്കണക്കിന് ടണ്‍ അവശിഷ്ടങ്ങള്‍ യുദ്ധം ബാക്കിയാക്കി. നൂറുകണക്കിന് അഴുകിയ മൃതദേഹങ്ങള്‍ അവക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു. വിഭവങ്ങളുടെ അഭാവവും തുടര്‍ച്ചയായ ബോംബാക്രമണവും കാരണം രക്ഷാപ്രവര്‍ത്തകര്‍ക്കും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്കും ഇവ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
2023 ഒക്‌ടോബര്‍ ഏഴു മുതല്‍ പതിനഞ്ചു മാസം നീണ്ടുനിന്ന യുദ്ധത്തിന്റെ ഫലമായുണ്ടായ അവശിഷ്ടങ്ങളുടെ അളവ്, 2008 മുതല്‍ ഗാസയില്‍ ഉണ്ടായ എല്ലാ ഇസ്രായിലി യുദ്ധങ്ങളുടെയും ആക്രമണങ്ങളുടെയും ഫലമായുണ്ടായ ആകെ അവശിഷ്ടങ്ങളുടെ പതിനേഴ് മടങ്ങിന് തുല്യമാണ്. ഗാസയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വീടുകള്‍ക്കും ഉണ്ടായ നാശത്തിന്റെ വ്യാപ്തി റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ഫോട്ടോകള്‍ വ്യക്തമാക്കുന്നു. ഗാസയിലെ 60 ശതമാനം കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നതായി കണക്കാക്കുന്നു.
ഫലസ്തീന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം മൂന്നു ലക്ഷം പാര്‍പ്പിടങ്ങള്‍ തകര്‍ന്നു. 60,000 കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ചു. ബോംബാക്രമണത്തില്‍ 823 മസ്ജിദുകളും മൂന്നു ക്രിസ്ത്യന്‍ പള്ളികളും തകര്‍ന്നു. 136 സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വലിയ തോതില്‍ കേടുപാടുകള്‍ സംഭവിക്കുകയും ഉപയോഗശൂന്യമാവുകയും ചെയ്തു. ഇവ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. 355 സ്‌കൂളുകളും യൂനിവേഴ്‌സിറ്റി കെട്ടിടങ്ങളും ഭാഗികമായി നശിച്ചു. ഹരിത പ്രദേശങ്ങളുടെ നാശം ഗാസയിലുണ്ടായ പ്രധാന നാശനഷ്ടങ്ങളില്‍ ഒന്നാണ്. ഗാസയിലെ 67 ശതമാനം കൃഷിഭൂമിയും യുദ്ധത്തില്‍ നശിച്ചതായും ജനസംഖ്യയില്‍ 90 ശതമാനം പേരും ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു.

പതിനഞ്ചു മാസം നീണ്ട യുദ്ധം ഗാസയില്‍ 60 വര്‍ഷത്തെ വികസനം ഇല്ലാതാക്കിയതായും പുനര്‍നിര്‍മാണത്തിന് ആവശ്യമായ ബില്യണ്‍ കണക്കിന് ഡോളര്‍ സമാഹരിക്കല്‍ വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം തലവന്‍ അചിം സ്റ്റെയ്നര്‍ പറഞ്ഞു. ഇസ്രായില്‍ സൈന്യത്തിന്റെ തീവ്രമായ ബോംബാക്രമണം മൂലം ഗാസയില്‍ മൂന്നില്‍ രണ്ട് കെട്ടിടങ്ങളും നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു. 4.2 കോടി ടണ്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ അപകടകരവും സങ്കീര്‍ണവുമായ ഒരു ദൗത്യമായിരിക്കും. ഗാസയിലെ 65 മുതല്‍ 70 ശതമാനം വരെ കെട്ടിടങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടാകാം. പക്ഷേ, നമ്മള്‍ സംസാരിക്കുന്നത് തകര്‍ന്ന ഒരു സമ്പദ്‌വ്യവസ്ഥയെക്കുറിച്ചാണ്. ഈ യുദ്ധത്തില്‍ 15 മാസത്തിനിടെ ഏകദേശം 60 വര്‍ഷത്തെ വികസനം നഷ്ടപ്പെട്ടുവെന്നാണ് ഞങ്ങളുടെ കണക്ക്.
ഗാസയില്‍ താമസിക്കുന്ന 20 ലക്ഷം ആളുകള്‍ക്ക് അവരുടെ വീടുകള്‍ നഷ്ടപ്പെട്ടു. പൊതു അടിസ്ഥാന സൗകര്യങ്ങള്‍, മലിനജല സംസ്‌കരണ സംവിധാനങ്ങള്‍, കുടിവെള്ള വിതരണ സംവിധാനങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവയും അവര്‍ക്ക് നഷ്ടപ്പെട്ടു. ഈ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും എല്ലാം തന്നെ ഇന്ന് ഗാസയില്‍ ലഭ്യമല്ല. നാശനഷ്ടങ്ങളുടെ ഈ ഭീകരമായ കണക്കുകള്‍ക്കിടെയും ആളുകള്‍ക്കിടയിലെ നിരാശ സ്ഥിതിവിവരക്കണക്കുകളില്‍ കാണിക്കാന്‍ കഴിയുന്ന ഒന്നല്ല.
ഇസ്രായിലും ഹമാസും തമ്മിലുള്ള ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാറും അതിന്റെ അസ്ഥിരമായ സ്വഭാവവും പുനര്‍നിര്‍മാണ പ്രക്രിയയ്ക്ക് എത്ര സമയമെടുക്കുമെന്ന് പ്രവചിക്കല്‍ പ്രയാസകരമാക്കുന്നു. നിലവില്‍ അടിയന്തര സഹായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഐക്യരാഷ്ട്രസഭ ആഗ്രഹിക്കുന്നു.
പുനര്‍നിര്‍മാണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍, നമ്മള്‍ ഒന്നോ രണ്ടോ വര്‍ഷത്തെ കുറിച്ചല്ല സംസാരിക്കുന്നത്. ഭൗതിക അടിസ്ഥാന സൗകര്യങ്ങളും സമ്പദ്വ്യവസ്ഥയും പൂര്‍ണമായും പുനര്‍നിര്‍മിക്കാന്‍ നിരവധി വര്‍ഷങ്ങളെടുക്കും. ആളുകള്‍ക്ക് സമ്പാദ്യമുണ്ടായിരുന്നു. അവര്‍ക്ക് വായ്പകള്‍ ഉണ്ടായിരുന്നു. ബിസിനസുകളില്‍ നിക്ഷേപങ്ങളുണ്ടായിരുന്നു. ഇവയെല്ലാം പോയി. അതിനാല്‍ നാം സംസാരിക്കുന്നത് ഭൗതികവും സാമ്പത്തികവുമായ ഘട്ടങ്ങളെ കുറിച്ചാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പുനര്‍നിര്‍മാണത്തിന്റെ മാനസികവും സാമൂഹികവുമായ ഘട്ടങ്ങളെ കുറിച്ചാണ്. ഭൗതിക പുനര്‍നിര്‍മാണ ഘട്ടത്തിന് മാത്രം പതിനായിരക്കണക്കിന് കോടി ഡോളര്‍ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. പുനര്‍നിര്‍മാണത്തിന് ആവശ്യമായ ഭീമമായ പണം സ്വരൂപിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നു.
നീക്കം ചെയ്യേണ്ടതും പുനരുപയോഗം ചെയ്യേണ്ടതുമായ അവശിഷ്ടങ്ങളുടെ അളവ് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അവശിഷ്ടങ്ങള്‍ കയറ്റി എവിടേക്കെങ്കിലും മാറ്റുന്ന ലളിതമായ ഒരു പ്രക്രിയയല്ല ഇത്. ഈ അവശിഷ്ടങ്ങള്‍ അപകടകരമാണ്. ഇനിയും കണ്ടെത്താനാകാത്ത മൃതദേഹങ്ങളും പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകളും മൈനുകളും അവക്കടിയിലുണ്ട്. ഈ വസ്തുക്കള്‍ പുനരുപയോഗം ചെയ്ത് പുനര്‍നിര്‍മാണ പ്രക്രിയയില്‍ ഉപയോഗിക്കാവുന്നതാണ്. അവശിഷ്ടങ്ങള്‍ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റുക എന്നതാണ് താല്‍ക്കാലിക പരിഹാരം. അവിടെ നിന്ന് ഇവ പിന്നീട് സംസ്‌കരണത്തിനോ സ്ഥിരമായി ഉപേക്ഷിക്കാനോ വേണ്ടി കൊണ്ടുപോകാവുന്നതാണ്.
വെടിനിര്‍ത്തല്‍ നിലനില്‍ക്കുകയാണെങ്കില്‍ ഗാസയില്‍ വന്‍തോതിലുള്ള താല്‍ക്കാലിക അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമായി വരും. മിക്കവാറും എല്ലാ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്, അല്ലെങ്കില്‍ അവ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവിച്ചത് അസാധാരണമായ നാശമാണ് – അചിം സ്റ്റെയ്നര്‍ പറഞ്ഞു.