മിന – സ്വന്തം ചോരയില്‍ പിറന്നുവീണ മക്കളും ഉറ്റവരും ഉടയവരും രക്തക്കൊതി ഇനിയും തീരാത്ത ഇസ്രായിലി സൈന്യത്തിന്റെ പൈശാചികമായ ആക്രമണങ്ങളില്‍ സ്വന്തം കണ്‍മുന്നില്‍ കൊല്ലപ്പെട്ടത് കാണേണ്ടിവന്ന വേദനയിലാണ് ഗാസയില്‍ നിന്നുള്ള ഹാജിമാര്‍ പുണ്യഭൂമിയിലെത്തിയിരിക്കുന്നത്. അനുനിമിഷം ഹൃദയത്തെ കോറിവലിക്കുന്ന, അറ്റമില്ലാത്ത വേദനകളുടെ സങ്കടക്കടല്‍ നീന്തിയാണ് ഹജ് കര്‍മം നിര്‍വഹിക്കാന്‍ ഇവര്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥികളായി എത്തിയിരിക്കുന്നത്.
പതിവുപോലെ ഇത്തവണയും ഫലസ്തീനില്‍ നിന്നുള്ള 1,000 ഹാജിമാര്‍ക്ക് ആണ് രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ് കര്‍മം നിര്‍വഹിക്കാന്‍ ആദ്യം അവസരമൊരുക്കിയിരുന്നത്.
ഇസ്രായിലി ആക്രമണങ്ങളില്‍ വീരമൃത്യുവരിച്ചവരുടെയും പരിക്കേറ്റവരുടെയും ജയിലുകളില്‍ കഴിയുന്നവരുടെയും ബന്ധുക്കള്‍ക്കാണ് രാജാവിന്റെ അതിഥികളായി ഹജ് നിര്‍വഹിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയത്. ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നുമുള്ളവര്‍ ഇങ്ങിനെ രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജിനെത്തി. ഹജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഗാസയില്‍ നിന്നുള്ള 1,000 ഫലസ്തീനികളെ കൂടി തന്റെ അതിഥികളായി ഹജിന് കൊണ്ടുവരാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചത്.
ഹജിന്റെ കര്‍മങ്ങളില്‍ മുഴുകുമ്പോഴും വേര്‍പ്പെട്ടുപോയ ഉറ്റവരെയും ഉടയവരെയും കുറിച്ച വിങ്ങുന്ന ചിന്തകളാണ് ഇവരുടെ മനസ്സുകളില്‍ നിറയെ. രാജാവിന്റെ അതിഥിയായി എത്തിയ മൈസാന്‍ ഹസന് ഒറ്റനിമിഷത്തില്‍ നഷ്ടപ്പെട്ടത് 150 കുടുംബാംഗങ്ങളെയാണ്. ഇസ്രായിലി സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ നിന്ന് പ്രാണനും കൊണ്ട് ഓടിയ മൈസാന്‍ ഹസനും കുടുംബവും അല്‍രിമാല്‍ ഡിസ്ട്രിക്ടില്‍ താക്കാലികാഭയം തേടുകയായിരുന്നു. വൈകാതെ ഇവിടം ലക്ഷ്യമിട്ടും ഇസ്രായില്‍ സൈന്യം അതിശക്തമായ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ വീടുകളെല്ലാം തകര്‍ന്ന് തരിപ്പണമായി സ്ത്രീകളും കുട്ടികളുമടക്കം ഒരാള്‍ പോലും ബാക്കിയാകാതെ താമസക്കാരെല്ലാവരും കൊല്ലപ്പെട്ടു.
ഈ സമയത്ത് മൈസാന്‍ ഹസന്‍ അഭയാര്‍ഥിയായി ദക്ഷിണ ഗാസയിലെ തമ്പിലായിരുന്നു. ഇവിടെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു. കുടുംബാംഗങ്ങള്‍ മുഴുവന്‍ വീരമൃത്യുവരിച്ച വിവരം രണ്ടു ദിവസം കഴിഞ്ഞാണ് മൈസാന്‍ ഹസന്‍ അറിഞ്ഞത്. മരണപ്പെട്ടവരില്‍ 25 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തി ഖബറടക്കാനായത്. ശേഷിക്കുന്നവരുടെ മയ്യിത്തുകള്‍ ഇപ്പോഴും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയിലാണെന്ന് മൈസാന്‍ പറയുന്നു.
ഇസ്രായിലി ആക്രമണങ്ങളില്‍ അഞ്ചു മക്കള്‍ വീരമൃത്യുവരിച്ച അമീന ഗന്നാമും ഭര്‍ത്താവും രാജാവിന്റെ അതിഥികളായി പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. തങ്ങളുടെ ക്ഷമക്കും ദൈവത്തില്‍ നിന്നുള്ള പ്രതിഫലേച്ഛക്കുമുള്ള പ്രതിഫലം എന്നോണമാണ് തനിക്കും ഭര്‍ത്താവിനും സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചതെന്നും ഇത് തങ്ങളുടെ വേദന ലഘൂകരിച്ചതായും തങ്ങളുടെ ആദ്യത്തെ ഹജ് ആണിതെന്നും അമീന ഗന്നാം പറഞ്ഞു.
ഇസ്രായിലി വ്യോമാക്രമണത്തില്‍ മകളും മകളുടെ മുഴുവന്‍ മക്കളും വീരമൃത്യുവരിച്ചതിന്റെ വേദനയിലാണ് ഫായിസ് മുഹമ്മദ് അബൂജാമിഅ പുണ്യഭൂമിയിലെത്തിയിരിക്കുന്നത്. ചികിത്സാര്‍ഥം ഈജിപ്തിലെത്തിയ താന്‍ സ്വദേശത്തേക്ക് മടങ്ങാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുന്ന സമയത്താണ് ഗാസയില്‍ ഇസ്രായില്‍ ആക്രമണം ആരംഭിച്ചതെന്നും ഫായിസ് പറഞ്ഞു.