ഗാസ: പോയ വര്‍ഷത്തില്‍ ഗാസ ജനസംഖ്യയില്‍ ഒന്നര ലക്ഷത്തിലേറെ പേരുടെ കുറവുണ്ടായതായി ഫലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. 2024ല്‍ ഗാസ ജനസംഖ്യ ആറു ശതമാനം കുറഞ്ഞു. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയ കണക്കുകള്‍ പ്രകാരം ഡിസംബര്‍ 31 വരെ ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 45,484 പേരാണ് വീരമൃത്യുവരിച്ചതെന്ന് ഫലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് മേധാവി അലാ അവദ് പറഞ്ഞു. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായില്‍ ആക്രമണം ആരംഭിച്ച ശേഷം ഗാസയില്‍ നിന്ന് ഒരു ലക്ഷം ഫലസ്തീനികള്‍ പുറത്തുപോയിട്ടുണ്ട്. യുദ്ധത്തില്‍ 11,000 ഫലസ്തീനികളെ കാണാതായി. ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 17,581 പേര്‍ കുട്ടികളും 12,048 പേര്‍ വനിതകളുമാണ്. 1,08,090 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം ഫലസ്തീനിലെ ആകെ ജനസംഖ്യ 55 ലക്ഷമാണ്. ഇതില്‍ 34 ലക്ഷം പേര്‍ വെസ്റ്റ് ബാങ്കിലും 21 ലക്ഷം പേര്‍ ഗാസയിലുമാണ്. ഗാസ നിവാസികളില്‍ 10 ലക്ഷത്തിലേറെ പേര്‍ 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളാണ്. ഗാസ ജനസംഖ്യയില്‍ 47 ശതമാനം പേര്‍ കുട്ടികളാണെന്നും ഫലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.