ഗാസ– പട്ടിണിയും പോഷകാഹാരക്കുറവും മൂലം അസ്ഥികൂടങ്ങളായി മാറിയിരിക്കുകയാണ് ഇന്ന് ഗാസയിലെ കുട്ടികള്‍. ഒന്ന് കരയാൻ പോലും കഴിയാതെ ഏതു നിമിഷവും മരണം കാത്തുകഴിയുകയാണവർ. ഗാസയിലെ നാസര്‍ ആശുപത്രിയില്‍ കുട്ടികള്‍ക്കുള്ള പോഷകാഹാരക്കുറവ് വാര്‍ഡിന്റെ പിങ്ക് നിറത്തിലുള്ള ചുവരുകളില്‍ കുട്ടികള്‍ ഓടുന്നതിന്റെയും പുഞ്ചിരിക്കുന്നതിന്റെയും പൂക്കളും ബലൂണുകളും ഉപയോഗിച്ച് കളിക്കുന്നതിന്റെയും കാർട്ടൂണുകൾ കാണാം. എന്നാൽ, ഈ ചിത്രങ്ങള്‍ക്ക് താഴെ ഒരു കൂട്ടം അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങള്‍ അനങ്ങാതെയും നിശബ്ദമായും കിടക്കുന്നത് നോക്കി നിൽക്കുന്ന കാഴ്ച അങ്ങേ അറ്റം വേദനിപ്പിക്കുന്നതാണ്. ഇതിൽ ഭൂരിഭാഗം കുട്ടികളും കടുത്ത വിശപ്പ് മൂലം തളര്‍ന്നുപോയവരാണ്.
അവൾ തളർന്നിരിക്കുകയാണ്, അവൾക്ക് അനങ്ങാനോ ഇരിക്കാനോ നിൽക്കാനോ സാധിക്കില്ല, അവള്‍ നിങ്ങളോട് പ്രതികരിക്കില്ല – പത്തു മാസം പ്രായമുള്ള മരിയ സുഹൈബ് റദ്വാന്റെ അമ്മയായ സൈന റദ്വാന്‍ പറഞ്ഞു. തന്റെ കുഞ്ഞിന് ആവശ്യമായ പാലോ ഭക്ഷണമോ കണ്ടെത്താന്‍ സൈനക്ക് കഴിയുന്നില്ല. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ഒരു ദിവസം ഒരു ഭക്ഷണം മാത്രം കഴിക്കുന്ന സൈനക്ക് സ്വന്തം മകളെ മുലയൂട്ടാനും കഴിയുന്നില്ല. ഗാസയില്‍ കടുത്ത പട്ടിണി മൂലം ഗുരുതരാവസ്ഥയിലായ കുട്ടികളെ ചികിത്സിക്കാന്‍ ശേഷിയുള്ള നാല് കേന്ദ്രങ്ങളില്‍ ഒന്നായ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ റോയിട്ടേഴ്സ് പത്രപ്രവര്‍ത്തകര്‍ ചെലവഴിച്ചത് അഞ്ച് ദിവസമാണ്. ഈ ദിവസങ്ങളില്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന 53 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വകുപ്പ് മേധാവി പറഞ്ഞു.


2023 ഒക്ടോബര്‍ മുതല്‍ ഹമാസുമായി ഇസ്രായേൽ യുദ്ധം ആരംഭിച്ചതോടെ മാര്‍ച്ചില്‍ ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം ഇസ്രായേൽ നിർത്തിവെച്ചു. ഇത് കടുത്ത പട്ടിണിയിലേക്കാണ് ഗാസയെ നയിച്ചത്. കടുത്ത നിയന്ത്രണങ്ങളോടെ മെയ് മാസത്തില്‍ ഇസ്രായേൽ ഉപരോധം പിന്‍വലിച്ചു. സഹായങ്ങള്‍ സായുധ ഗ്രൂപ്പുകളിലേക്ക് വഴിതിരിച്ചുവിടുന്നത് തടയാന്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ഇസ്രായേല്‍ പറയുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഭക്ഷണം തീര്‍ന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. മെലിഞ്ഞൊട്ടിയ കുട്ടികളുടെ ചിത്രങ്ങള്‍ ലോകത്തെ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ ലോകാരോഗ്യ സംഘടന പട്ടിണിയെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പോഷകാഹാരക്കുറവ് മൂലം 89 കുട്ടികള്‍ അടക്കം 154 പേര്‍ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഴ്ചകൾക്കുളിൽ നിരവധി പേരുടെ ജീവനാണ് ഇത് മൂലം നഷ്ടമായത്.
അതേസമയം, ഗാസയെ പട്ടിണിയിലാക്കാന്‍ ലക്ഷ്യമിടുന്നില്ലെന്ന് പറഞ്ഞ ഇസ്രായേൽ ഈ ആഴ്ച ഗാസയിലേക്ക് കൂടുതല്‍ സഹായം അനുവദിക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചു. ചില സ്ഥലങ്ങളില്‍ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിമാനം വഴി ഗാസയിലേക്ക് ഭക്ഷണം എത്തിച്ചുനൽകി. പട്ടിണി ഒഴിവാക്കലും ആരോഗ്യ പ്രതിസന്ധി ഇല്ലാതാക്കലും ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയും ഓർമിപ്പിച്ചു.
ഞങ്ങൾക്ക് ബേബി ഫോര്‍മുലയും, മെഡിക്കല്‍ സാധനങ്ങളും ആവശ്യമാണ്, ഞങ്ങള്‍ക്ക് ഭക്ഷണം ആവശ്യമാണ്, പോഷകാഹാര വകുപ്പിന് പ്രത്യേക ഭക്ഷണങ്ങള്‍ ആവശ്യമാണ്. ആശുപത്രികള്‍ക്ക് എല്ലാം ആവശ്യമാണ് – നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ പീഡിയാട്രിക്‌സ്, പ്രസവചികിത്സാ വിഭാഗം മേധാവി ഡോ. അഹ്മദ് അല്‍ഫറാ പറഞ്ഞു. ഗാസയില്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചവരില്‍ പലര്‍ക്കും മുമ്പ് രോഗാവസ്ഥകളുണ്ടായിരുന്നെന്ന് ഇസ്രായേലിലെ ഉദ്യോഗസ്ഥർ പറഞ്ഞു. മുമ്പ് അസുഖം ബാധിച്ച കുട്ടികളെ പട്ടിണി സാരമായി ബാധിക്കുമെന്നും മരണത്തിലേക്ക് പെട്ടന്ന് നയിക്കുമെന്നും – ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസറും കടുത്ത പോഷകാഹാരക്കുറവിനുള്ള ലോകാരോഗ്യ സംഘടനയുടെ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്ത മാര്‍ക്കോ കെരാക് പറഞ്ഞു.
മൂന്ന് മാസം മുമ്പ് ആരോഗ്യത്തോടെ ജനിച്ച വതീന്‍ അബൂഅമൂനയെ പോലെയുള്ള, മുമ്പ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത കുട്ടികളെ പോഷകാഹാരക്കുറവിന് തങ്ങൾ ചികിത്സിക്കുന്നുണ്ടെന്ന് ഡോ. അഹ്മദ് അല്‍ഫറാ പറഞ്ഞു. വതീന്‍ അബൂഅമൂനയുടെ ഇപ്പോഴത്തെ ഭാരം ജനനസമയത്തേക്കാള്‍ 100 ഗ്രാം കുറവാണ്. മൂന്ന് മാസത്തിനിടെ കുഞ്ഞിന്റെ ഭാരത്തില്‍ ഒരു ഗ്രാം പോലും വര്‍ധിച്ചിട്ടില്ല. കുഞ്ഞിന്റെ ഭാരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിന്റെ പേശികള്‍ പൂര്‍ണമായും നശിച്ചിരിക്കുന്നു. അസ്ഥികള്‍ക്ക് മുകളില്‍ ചര്‍മം മാത്രമാണ് ശേഷിക്കുന്നത്. കുട്ടി കടുത്ത പോഷകാഹാരക്കുറവിന്റെ ഘട്ടത്തിലേക്ക് പ്രവേശിച്ചു എന്നതിന്റെ തെളിവാണിത്. കുട്ടിയുടെ മുഖം നോക്കിയാല്‍ പോലും കുട്ടിയുടെ കവിളില്‍ കൊഴുപ്പ് കലകള്‍ നഷ്ടപ്പെട്ടതായി നമുക്ക് കാണാന്‍ കഴിയും – ഡോ. അഹ്മദ് അല്‍ഫറാ പറഞ്ഞു. കുട്ടിയുടെ അമ്മയായ യാസ്മിന്‍ അബൂസുല്‍ത്താന്‍, തന്റെ തള്ളവിരലിന്റെ വീതിയുള്ള കൈകള്‍ ഉള്ള മകളുടെ കൈകാലുകളിലേക്ക് വിരല്‍ ചൂണ്ടുന്നു. കണ്ടോ? മകളെ ചൂണ്ടി യാസ്മിന്‍ പറഞ്ഞു. അത് അവളുടെ കാലുകളാണ്. അവളുടെ കൈകള്‍ നോക്കൂ – യാസ്മിന്‍ അബൂസുല്‍ത്താന്‍ പറഞ്ഞു.
ചെറിയ കുട്ടികള്‍ക്ക് ശുദ്ധജലം ഉപയോഗിച്ച് തയാറാക്കുന്ന പ്രത്യേക ചികിത്സാ ഫോര്‍മുലകള്‍ ആവശ്യമാണെന്നും എന്നാല്‍ ശുദ്ധജലത്തിന് ക്ഷാമമുണ്ടെന്നും ഡോ. അഹ്മദ് അല്‍ഫറായും ലോകാരോഗ്യ സംഘടനയും റോയിട്ടേഴ്സിനോട് പറഞ്ഞു. ഗുരുതരമായ പോഷകാഹാരക്കുറവിന്റെ ചികിത്സക്കുള്ള എല്ലാ പ്രധാന സാധനങ്ങളും ഇതിനകം തന്നെ തീര്‍ന്നുവരികയാണ് –
ജൂലൈയിലെ ആദ്യ രണ്ടാഴ്ചകളില്‍ അഞ്ച് വയസ്സിന് താഴെയുള്ള 5,000 ലേറെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവിന് ഔട്ട്‌പേഷ്യന്റ് ചികിത്സ ലഭിച്ചു. അവരില്‍ 18 ശതമാനം പേര്‍ക്കും കടുത്ത പോഷകാഹാരക്കുറവുണ്ടായിരുന്നു. ജൂണ്‍ മാസത്തില്‍ 6,500 കുട്ടികള്‍ക്കാണ് പോഷകാഹാരക്കുറവിന് ഔട്ട്‌പേഷ്യന്റ് ചികിത്സ നല്‍കിയത്. ഇതിനെ അപേക്ഷിച്ച് ജൂലൈയില്‍ പോഷകാഹാരക്കുറവിന് ചികിത്സ തേടിയ കുട്ടികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.
കഴിഞ്ഞ മാസം വതീനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി നിറഞ്ഞുകവിഞ്ഞിരുന്നതായി അമ്മ യാസ്മിന്‍ അബൂസുല്‍ത്താന്‍ പറഞ്ഞു. പത്ത് ദിവസത്തിന് ശേഷം പാലില്ലാതെയും കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് ദിവസത്തില്‍ ഒരു നേരം പോലും ഭക്ഷണം പോലും ലഭിക്കാതെയും വതീനുമായി അമ്മ കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ തിരിച്ചെത്തി. കാരണം മകളുടെ അവസ്ഥ അനുദിനം കൂടുതല്‍ വഷളാവുകയായിരുന്നു.
നാസര്‍ സെന്ററിലെ നിരവധി കുഞ്ഞുങ്ങളെ പോലെ വതീനും ആവര്‍ത്തിച്ചുള്ള പനിയും വയറിളക്കവും അനുഭവിക്കുന്നു.പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് പനിയും വയറിളക്കവും അനുഭവപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാല്‍ അവരുടെ അവസ്ഥ കൂടുതല്‍ ഗുരുതരമാകുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ എനിക്ക് അവളെ നഷ്ടപ്പെടും – യാസ്മിന്‍ അബൂസുല്‍ത്താന്‍ പറഞ്ഞു. കടുത്ത പോഷകാഹാരക്കുറവിന്റെ ഒരു പാര്‍ശ്വഫലം വിശപ്പില്ലായ്മയാണ്. അവളുടെ അമ്മ യാസ്മിന്‍ ആശുപത്രി നല്‍കുന്ന ഒരു ദിവസത്തെ ഭക്ഷണം കഴിച്ചാണ് അതിജീവിക്കുന്നത് – ഡോക്ടര്‍മാര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
പത്തു മാസം പ്രായമുള്ള മരിയയെ പോലുള്ളവര്‍, ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന് ഈ ആഴ്ച ആദ്യം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ഇവര്‍ക്ക് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബേബി ഫോര്‍മുല നല്‍കി. എന്നാല്‍ അഞ്ച് മാസം പ്രായമുള്ള സൈനബ് അബൂഹലീബിനെപ്പോലുള്ള മറ്റുള്ളവര്‍ ഇതിനെ അതിജീവിച്ചില്ല. ഗുരുതരമായ പോഷകാഹാരക്കുറവ് മൂലം ശരീരം വളരെ ദുര്‍ബലമായതിനാല്‍ അണുബാധയെ ചെറുക്കാന്‍ കഴിഞ്ഞില്ല. ശനിയാഴ്ച സെപ്‌സിസ് ബാധിച്ച് സൈനബ് അബൂഹലീബ് മരിച്ചു. അവളുടെ മാതാപിതാക്കള്‍ അവളുടെ കുഞ്ഞു ശരീരം വെളുത്ത കഫന്‍ പുടവയില്‍ പൊതിഞ്ഞ് ആശുപത്രി വിട്ടു.
ഗാസയിലെ ഭീകരമായ അവസ്ഥയാണ് ഇത് കാണിക്കുന്നത്. ഭക്ഷണം കിട്ടാതെ കുട്ടികളടക്കം പിടഞ്ഞുവീണ് മരിക്കുന്ന കാഴ്ച ഏറെ വേദനയോടെയാണ് മാതാപിതാക്കൾക്ക് നോക്കി നിൽക്കേണ്ടി വരുന്നത്.