ദോഹ- പതിനഞ്ചുമാസമായി തുടരുന്ന യുദ്ധത്തിന് വിരാമമിട്ട് ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഖത്തർ തലസ്ഥാനമായ ദോഹയിൽനടന്ന ചർച്ചയിലാണ് വെടിനിർത്തൽ സംബന്ധിച്ച ധാരണയും പ്രഖ്യാപനവും വന്നത്. വെടിനിർത്തൽ ഞായറാഴ്ച പ്രാബല്യത്തിൽ വരും. ഗാസയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ വെടിനിർത്തൽ വഴിയൊരുക്കും. പതിനെട്ടു മണിക്കൂർ നീണ്ടുനിന്ന മാരത്തോൺ ചർച്ചയിലാണ് വെടിനിർത്തൽ സംബന്ധിച്ച് ധാരണയായത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. അവസാന നിമിഷം വരെ കരാർ നടപ്പാകുമോ എന്ന് ആശങ്കയുണ്ടായിരുന്നു. ഖത്തർ തലസ്ഥാനമായ ദോഹയിലെ ഒരു കെട്ടിടത്തിന്റെ വെവ്വേറെ നിലകളിലാണ് ഇസ്രായേലി, ഹമാസ് പ്രതിനിധികൾ ചർച്ചക്കായി ഒത്തുകൂടിയത്. ഖത്തറിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള മോഡറേറ്റർമാർ അവരുടെ നിർദ്ദേശങ്ങളുമായി ഇരു കക്ഷികളുടെയും പ്രതിനിധികൾക്കിടയിൽ ഓടിനടന്നു.
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിച്ചത്. വെടിനിർത്തൽ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് യുദ്ധത്തിന്റെ അവസാന അധ്യായമായിരിക്കും, ഈ കരാറിന്റെ എല്ലാ നിബന്ധനകളും നടപ്പിലാക്കാൻ എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധരാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു-” അദ്ദേഹം പറഞ്ഞു.
42 ദിവസത്തെ പ്രാരംഭ വെടിനിർത്തലിൽ, 33 ബന്ദികളെ മോചിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ, ഇസ്രായിൽ സൈന്യം ഗാസയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് പിൻവാങ്ങുകയും കൈമാറ്റങ്ങൾ അനുവദിക്കുകയും ചെയ്യും. ഫലസ്തീൻ ജനതയെ അവരുടെ താമസസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളിൽ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി മോചിപ്പിക്കേണ്ട ഫലസ്തീൻ തടവുകാരുടെ എണ്ണം ആദ്യ 42 ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിൽ താൻ വളരെയധികം സംതൃപ്തനാണെന്ന് ബൈഡൻ പറഞ്ഞു, ചർച്ചകളെ തന്റെ കരിയറിലെ ഏറ്റവും “കഠിനമായ” ഒന്നായും അദ്ദേഹം വിശേഷിപ്പിച്ചു. മേഖലയിൽ ശാശ്വതമായ സമാധാനം ഇതുവഴി നടപ്പിലാകുമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിൽ സന്തോഷം പ്രകടിപ്പിച്ച് ആയിരങ്ങൾ ഗാസയിൽ പ്രകടനം നടത്തി. “ഒരു വർഷത്തിലേറെയായി നീണ്ടുനിന്ന ഈ പേടിസ്വപ്നം അവസാനിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഞങ്ങൾക്ക് വളരെയധികം ആളുകളെ നഷ്ടപ്പെട്ടു, ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു,” ഗാസ സിറ്റിയിലെ വീട്ടിൽ നിന്ന് കുടിയിറക്കപ്പെട്ട 45 കാരിയായ റാൻഡ സമീഹ് പറഞ്ഞു.
“നമ്മുടെ മഹത്തായ പലസ്തീൻ ജനതയുടെ ഐതിഹാസികമായ സ്ഥിരതയുടെയും ഗാസ മുനമ്പിലെ നമ്മുടെ ധീരമായ ചെറുത്തുനിൽപ്പിന്റെയും ഫലമാണ് വെടിനിർത്തൽ” എന്ന് ഹമാസ് പറഞ്ഞു.