തെഹ്‌റാൻ- അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയ്ക്കും ഇസ്രായേൽ ഏജൻസിയായ മൊസാദിനും വേണ്ടി ചാരവൃത്തി നടത്തിയ ഇറാനിയൻ എയ്‌റോസ്‌പേസ് എൻജിനീയറുടെ വധശിക്ഷ നടപ്പാക്കി. ഉപഗ്രഹ സംബന്ധമായ ഗവേഷണങ്ങൾ നടത്തുന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇർഫാൻ ഷാകൂത്സാദെ എന്ന 29-കാരനെയാണ് തിങ്കളാഴ്ച രാവിലെ തൂക്കിലേറ്റിയത്. ഇറാൻ ജുഡീഷ്യറിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ മീസാൻ ആണ് ഈ വിവരം പുറത്തുവിട്ടത്. രാജ്യത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ശാസ്ത്രീയ വിവരങ്ങൾ പ്രതി വിദേശ ഏജൻസികൾക്ക് ചോർത്തി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ക്രിപ്‌റ്റോ കറൻസി വഴി പണം സ്വീകരിക്കുന്നതിനും അമേരിക്കൻ വിസ കൈക്കലാക്കുന്നതിനുമായി തന്റെ ജോലിസ്ഥലത്തെ പ്രോജക്ട് വിവരങ്ങൾ, സഹപ്രവർത്തകരുടെ രേഖകൾ, ഫോൺ നമ്പറുകൾ, സ്ഥാപനത്തിനുള്ളിലെ ദൃശ്യങ്ങൾ എന്നിവ ഇർഫാൻ കൈമാറിയെന്നാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ പ്രകാരം മൂന്ന് ഘട്ടങ്ങളിലായാണ് ഇയാൾ മൊസാദുമായി ബന്ധപ്പെട്ടത്. പിടിക്കപ്പെടാതിരിക്കാൻ സിം കാർഡില്ലാതെ വൈ-ഫൈ വഴി മാത്രം ഫോൺ ഉപയോഗിക്കുക, സന്ദേശങ്ങൾ അപ്പാനിപ്പോൾ ഡിലീറ്റ് ചെയ്യുക, പണം ഗഡുക്കളായി മാത്രം പിൻവലിക്കുക തുടങ്ങിയ കർശന നിർദ്ദേശങ്ങൾ ചാരസംഘടനകൾ ഇയാൾക്ക് നൽകിയിരുന്നു. 2025-ലെ യുദ്ധസമയത്ത് മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകാമെന്ന് വാഗ്ദാനം നൽകി കുടുംബവീടിന്റെ ലൊക്കേഷൻ പോലും പ്രതി കൈമാറിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദീർഘകാലത്തെ നിരീക്ഷണത്തിനൊടുവിലാണ് സുരക്ഷാ സേന ഇർഫാനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് ലഭിച്ച ഫോൺ രേഖകളും കമ്പ്യൂട്ടർ വിവരങ്ങളും കോടതിയിൽ തെളിവായി ഹാജരാക്കിയിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും ഇറാൻ ഏജൻസികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇർഫാനെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചതാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നുണ്ട്. ഇറാൻ തങ്ങളുടെ ഉപഗ്രഹ പദ്ധതികൾ ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാനാണ് ഉപയോഗിക്കുന്നതെന്ന് പാശ്ചാത്യ രാജ്യങ്ങൾ നേരത്തെ തന്നെ ആരോപിച്ചിരുന്നു. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ചാരവൃത്തിക്കും സുരക്ഷാ ലംഘനങ്ങൾക്കുമുള്ള ശിക്ഷകൾ ഇറാൻ കർശനമാക്കിയിരിക്കുകയാണ്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്ത മൂന്ന് പേരെ കഴിഞ്ഞ വാരത്തിലും ഇറാൻ തൂക്കിലേറ്റിയിരുന്നു.



