ജിദ്ദ – ഇന്ത്യക്കാര്‍ അടക്കം സൗദിയിലെ പ്രധാന പ്രവാസി സമൂഹങ്ങളെ ലക്ഷ്യമിട്ട് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അല്‍കോബാറിലും ജിദ്ദയിലും പാസ്‌പോര്‍ട്ട്‌സ് ടു ദി വേള്‍ഡ് എന്ന ശീര്‍ഷകത്തില്‍ വൈവിധ്യമാര്‍ന്ന വിനോദ, കലാ പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാജ്യത്തെ പ്രവാസി സമൂഹങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളില്‍ ഒന്നാണിത്. സുഡാന്‍, ഇന്ത്യ, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ വേരുകളുമായി വീണ്ടും ബന്ധപ്പെടാന്‍ സഹായിക്കുന്ന അനുഭവം നല്‍കാൻ ലക്ഷ്യമിട്ടാണ് പരിപാടി. കലാപ്രകടനങ്ങള്‍, പാചക അനുഭവങ്ങള്‍, പരമ്പരാഗത കരകൗശല വസ്തുക്കള്‍, സംവേദനാത്മക ശില്‍പശാലകള്‍ എന്നിവയിലൂടെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ കുറിച്ച് സന്ദര്‍ശകരെ പരിചയപ്പെടുത്താനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.
അല്‍കോബാറിലാണ് പരിപാടി ആദ്യം ആരംഭിക്കുന്നത്. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ ഓരോ സമൂഹത്തിനും നാലു ദിവസം വീതമാണ് അനുവദിച്ചിരിക്കുന്നത്. സുഡാനി സമൂഹത്തിനാണ് ആദ്യമായി പരിപാടി സംഘടിപ്പിക്കുന്നത്. അടുത്ത ബുധന്‍ മുതല്‍ ശനി വരെ സുഡാനികള്‍ക്കുള്ള പരിപാടി നടക്കും. ഏപ്രില്‍ 16 മുതല്‍ 19 വരെ ഇന്ത്യന്‍ സമൂഹത്തെയും ഏപ്രില്‍ 23 മുതല്‍ 26 വരെ ഫിലിപ്പിനോ സമൂഹത്തെയും ഏപ്രില്‍ 30 മുതല്‍ മെയ് മൂന്നു വരെ ബംഗ്ലാദേശി സമൂഹത്തെയും ലക്ഷ്യമിട്ട് പരിപാടികള്‍ നടക്കും. അല്‍കോബാറിലെ പരിപാടി പൂര്‍ത്തിയായാല്‍ സമാന രീതിയില്‍ ജിദ്ദയിലും പരിപാടി അരങ്ങേറും.
ഓരോ രാജ്യത്തിന്റെയും നാടോടി രൂപങ്ങള്‍, തുണിത്തരങ്ങള്‍, പ്രകൃതി ഘടകങ്ങള്‍, വാസ്തുവിദ്യ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഏകീകൃത ദൃശ്യ രൂപകല്‍പനയിലൂടെയും കലാപരമായ സ്വത്വത്തിലൂടെയും പ്രതിഫലിക്കുന്ന സംയോജിത അനുഭവം പാസ്പോര്‍ട്ട് ടു ദി വേള്‍ഡ് വാഗ്ദാനം ചെയ്യുന്നു. ഓരോ പവലിയനിലും പരമ്പരാഗത വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും നൃത്ത പ്രകടനങ്ങളും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും കരകൗശല വസ്തുക്കളും അടക്കമുള്ള സാംസ്‌കാരിക ഘടകങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി പ്രത്യേക സ്ഥലങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. തുറന്ന വിപണികള്‍, നാടക വേദികള്‍, സംവേദനാത്മക പ്രദര്‍ശനങ്ങള്‍ എന്നിവയുമുണ്ടാകും.
സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കല്‍, പങ്കെടുക്കുന്ന രാജ്യങ്ങളുടെ പാരമ്പര്യങ്ങളുടെ ഭംഗി എടുത്തുകാണിക്കല്‍, വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇടയില്‍ ആശയവിനിമയത്തിന്റെ പാലങ്ങള്‍ പണിയല്‍, മുഴുവന്‍ കുടുംബത്തിനും സമഗ്രവും ആസ്വാദ്യകരവും വിദ്യാഭ്യാസപരവുമായ അനുഭവം സൃഷ്ടിക്കല്‍, കലയിലൂടെയും പാചകരീതിയിലൂടെയും സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിക്കാട്ടല്‍ എന്നിവ അടക്കം പാസ്പോര്‍ട്ട് ടു ദി വേള്‍ഡ് പരിപാടിക്ക് ഒന്നിലധികം ലക്ഷ്യങ്ങളുണ്ട്.
സൗദി നിവാസികളുടെ വിനോദവും ജീവിത നിലവാരവും വര്‍ധിപ്പിക്കാനുള്ള സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി പുരാതന പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഉത്സവ അന്തരീക്ഷവും ഊര്‍ജസ്വലമായ അനുഭവങ്ങളും കാരണം പരിപാടി വന്‍തോതില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.