തെഹ്‌റാൻ- അമേരിക്കയുമായുള്ള യുദ്ധം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ ചർച്ചകൾക്കുള്ള നിബന്ധനകൾ ഇറാൻ മയപ്പെടുത്തുന്നു. ചർച്ചകൾ പുനരാരംഭിക്കണമെങ്കിൽ ഉപരോധങ്ങൾ പൂർണ്ണമായും നീക്കണമെന്ന മുൻനിലപാടിൽ നിന്ന് ഇറാൻ പിന്മാറിയതായും, പകരം ചില ഉറപ്പുകൾ മാത്രമാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ വെച്ച് ചർച്ചകൾ തുടങ്ങാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങൾക്കെതിരായ ആക്രമണങ്ങൾ നിർത്തുമെന്നും ഉപരോധങ്ങൾ പിൻവലിക്കുമെന്നും ഉറപ്പ് ലഭിച്ചാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് ഇറാന്റെ പുതിയ നിർദ്ദേശം.
അമേരിക്കയിൽ പൂർണ്ണ വിശ്വാസമില്ലെങ്കിലും യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ചർച്ചകളിൽ ഏർപ്പെടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ അശാന്തിക്ക് പ്രധാന കാരണം അമേരിക്കയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്ക തങ്ങളുടെ അമിതമായ ആവശ്യങ്ങളും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള സംസാരവും പ്രകോപനപരമായ നടപടികളും അവസാനിപ്പിക്കുകയാണെങ്കിൽ നയതന്ത്ര ചർച്ചകളുമായി മുന്നോട്ട് പോകാൻ ഇറാൻ തയ്യാറാണെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. അമേരിക്ക ഈ നിർദ്ദേശങ്ങളെ പോസിറ്റീവ് ആയി കണ്ടാൽ അടുത്ത ആഴ്ച ആദ്യം തന്നെ ചർച്ചകൾ ആരംഭിക്കാനാണ് ഇറാന്റെ നീക്കം.
അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ സൈനിക പദ്ധതി തയ്യാറാക്കിയതായി ‘പൊളിറ്റിക്കോ’ റിപ്പോർട്ട് ചെയ്തു. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം കാരണം ഇറാന് പ്രതിദിനം 50 കോടി ഡോളറിന്റെ വൻ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. ഈ വലിയ തകർച്ച മുന്നിൽ കണ്ടാണ് ചർച്ചകൾക്ക് ഇറാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.



