ജിദ്ദ- അന്നൊരിക്കൽ കണ്ണിയത്ത് ഉസ്താദിന്റെ അരികിലെത്തിയ ഡോക്ടർ ദിനേശിനോട് ഉസ്താദ് പറഞ്ഞു. ഡോക്ടർ ഇനി എവിടെയും പോകണ്ട. വാഴക്കാട് നിന്നാൽ മതി. അന്നു മുതൽ വാഴക്കാടിന്റെ മണ്ണിൽ ആയിരങ്ങളുടെ ഹൃദയമിടിപ്പിനൊപ്പം സഞ്ചരിച്ച ഡോക്ടർ ദിനേശ് ചെറിയ ഇടവേളക്ക് ശേഷം വീണ്ടുമെത്തി. വാഴക്കാടിന് ഒരു കാതം മാത്രം അകലെയുള്ള എടവണ്ണപ്പാറയിലിരുന്ന് ഡോക്ടർ ആളുകളുടെ ഹൃദയത്തിലേക്കിറങ്ങുന്നു. ജിദ്ദയിൽ പതിമൂന്നു കൊല്ലത്തെ പ്രവാസത്തിന് ശേഷമാണ് ദിനേശ് കണ്ണിയത്ത് ഉസ്താദിന്റെ ഓർമ്മകളുറങ്ങുന്ന നാട്ടിലേക്ക് വീണ്ടും വരുന്നത്. തൃശൂർ ജില്ലയിലെ മാളയിൽനിന്നെത്തി മലപ്പുറത്തിന്റെ അതിർത്തി ഗ്രാമത്തിൽ ഒട്ടേറെ പേരുടെ ഇഷ്ട ഡോക്ടറായി മാറിയ ദിനേശിന് തന്റെ ഒന്നാമത്തെ വീടു തന്നെയാണ് എടവണ്ണപ്പാറയും വാഴക്കാടും.
മാളയിലെ പാലാപ്പറമ്പിൽ കുമാരന്റെയും പത്മാക്ഷിയുടെയും മകനായ ദിനേശ് ഇരിഞ്ഞാലക്കുടയിലെ ക്രൈസ്റ്റ് കോളേജിലായിരുന്നു പഠിച്ചിരുന്നത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്നു. അക്കാലത്ത് പി.ജി കോഴ്സിന് സീറ്റുകൾ കുറവായിരുന്നു. ഹൗസ് സർജൻസിയുടെ ഭാഗമായി മുഴുവൻ കേസുകളും എം.ബി.ബി.എസ് ഡോക്ടർമാർ തന്നെ കൈകാര്യം ചെയ്യണം. ഒരു കൊല്ലം ഹൗസ് സർജൻസിയിലും ഒരു വർഷം അനസ്തേഷ്യയിലും പ്രവർത്തിച്ചു. ഇതിന് ശേഷമാണ് വാഴക്കാട്ടേക്ക് വന്നത്.ഡോ. ജോയി നടത്തിയിരുന്ന ചെറിയ ക്ലിനിക്കിലായിരുന്നു തുടക്കത്തിൽ ജോലി ചെയ്തിരുന്നത്.
വാഴക്കാടിന്റെ ഹൃദയത്തിലായിരുന്നു പിന്നീട് ഡോ. ദിനേശിന്റെ സ്ഥാനം. വാഴക്കാടിന്റെ പല ഭാഗത്തേക്കും വാഹനം പോകാത്ത കാലമായിരുന്നു. ഈ സമയത്താണ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുമായി ബന്ധം സ്ഥാപിക്കുന്നത്. അദ്ദേഹത്തെ വീട്ടിലെത്തിയായിരുന്നു ചികിത്സിച്ചിരുന്നത്. ഒരിക്കൽ അദ്ദേഹത്തെ നോക്കുന്ന ഡോക്ടർക്ക് വരാൻ കഴിഞ്ഞില്ല. കണ്ണിയത്ത് വിളിച്ച ഉടൻ തന്നെ വീട്ടിലേക്ക് പോയി. ചികിത്സ അവസാനിപ്പിച്ച് ഇറങ്ങാൻ നേരം കണ്ണിയത്ത് ഒരു വാക്ക് പറഞ്ഞു.
ഡോക്ടർ ഇനി എങ്ങോട്ടും പോകണ്ട. വാഴക്കാട് നിന്നാൽ മതി. അന്നു മുതൽ തുടങ്ങിയ ബന്ധമായിരുന്നു കണ്ണിയത്തിനോടും വാഴക്കാടിനോടും. അദ്ദേഹം മരിക്കുന്ന സമയത്തും കൂടെയുണ്ടായിരുന്നു. ദിനേശ് വീട്ടിലെത്തിയാണ് കണ്ണിയത്തിന്റെ മരണം സ്ഥിരീകരിച്ചത്. ജീവിതത്തിൽ താൻ കണ്ടുമുട്ടിയതിൽ ഏറ്റവും നല്ല മനുഷ്യനായിരുന്നു കണ്ണിയത്തെന്ന് പറയുമ്പോൾ ഡോക്ടറുടെ കണ്ണുകൾ ഈറനണിയും.
വല്ലാത്തൊരു മനുഷ്യനായിരുന്നു കണ്ണിയത്ത്. ആരോടും ദേഷ്യമില്ല. അസൂയ ഇല്ല. ഫീസ് കിട്ടിയോ, പൊരുത്തപ്പെട്ടോ എന്ന് ചോദിക്കും. കിട്ടിയെന്ന് പറഞ്ഞാലേ വീട്ടിൽനിന്ന് ഇറങ്ങാൻ സമ്മതിക്കൂ. കണ്ണിയത്ത് വിട പറഞ്ഞ ദിവസം വാഴക്കാട് ജനനിബിഢമായിരുന്നു. ഒരാൾ മരിച്ചിട്ട് ഇത്രയേറെ ജനം ഒഴുകിയെത്തുമോ എന്നോർത്ത് അത്ഭുതപ്പെട്ടു. ഓമാനൂർ മുതൽ റോഡ് ബ്ലോക്കായിരുന്നു. കണ്ണിയത്തിന്റെ വേർപാടിന് ശേഷമാണ് ദിനേശ് പ്രവാസം തെരഞ്ഞെടുത്തത്. ജിദ്ദയിലായിരുന്നു പതിമൂന്നു വർഷവും. ജിദ്ദയുടെയും ജനകീയ ഡോക്ടറായാണ് ദിനേശ് പേരെടുത്തത്. ഹൃദയം കൊണ്ടായിരുന്നു ദിനേശ് രോഗികളെ പരിചരിച്ചിരുന്നത്. പ്രവാസത്തിന് ശേഷം ദിനേശ് വീണ്ടും വാഴക്കാട്ടേക്ക് മടങ്ങുകയാണ്. കണ്ണിയത്ത് ഇനിയെവിടേക്കും പോകണ്ട എന്നു പറഞ്ഞ അതേ മണ്ണിലേക്ക്.
(എടവണ്ണപ്പാറയിലെ മെഡി കെയർ ക്ലിനിക്കിലാണ് ഡോ. ദിനേശ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്. വസന്തയാണ് ഡോ. ദിനേശിന്റെ ഭാര്യ. മക്കൾ- ലക്ഷ്മി (ഓസ്ട്രേലിയ യൂണി പ്രൊഫസർ) ഡോ. പാർവ്വതി-ആലപ്പുഴ)