ജിദ്ദ – സൗദിയില്‍ റെന്റ് എ കാര്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമായ വ്യവസ്ഥകള്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി മാറ്റം വരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട കരടു നിര്‍ദേശങ്ങള്‍ വിദഗ്ധരുടെയും പൊതുസമൂഹത്തിന്റെയും നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ അതോറിറ്റി പരസ്യപ്പെടുത്തി. റെന്റ് എ കാര്‍ കമ്പനികള്‍ക്കു കീഴില്‍ മിനിമം മൂവായിരവും അതില്‍ കൂടുതലും കാറുകളുണ്ടായിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കി.
ലൈസന്‍സ് അനുവദിച്ച പ്രവിശ്യയിലോ നഗരത്തിലോ കമ്പനിക്ക് മെയിന്‍ ആസ്ഥാനം ഉണ്ടായിരിക്കണം. ലൈസന്‍സുള്ള പ്രവിശ്യയിലും നഗരത്തിലും കമ്പനിക്ക് എത്ര ശാഖകള്‍ വേണമെങ്കിലും തുറക്കാവുന്നതാണ്. മറ്റു പ്രവിശ്യകളിലും സ്ഥാപനങ്ങള്‍ക്ക് ശാഖകള്‍ ആരംഭിക്കാം. മറ്റു പ്രവിശ്യകളില്‍ ശാഖകള്‍ തുറക്കുന്നതിന് ഓരോ പ്രവിശ്യയിലും കമ്പനിക്കു കീഴില്‍ മിനിമം 100 കാറുകളെങ്കിലും ഏര്‍പ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്.
വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകാന്‍ പാടില്ല. ശുദ്ധമായ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്ക് ഇതില്‍ ഇളവ് നല്‍കും. ഉപയോക്താക്കള്‍ക്ക് കൈമാറുന്ന സമയത്ത് കാറിന്റെ ടാങ്കിന്റെ ശേഷിയുടെ നാലിലൊന്നില്‍ കുറായാത്ത ഇന്ധനം ഉണ്ടായിരിക്കണം.ഇല്ലെങ്കിൽ ആയിരം റിയാൽ പിഴ ചുമത്തും. ഉപയോക്താവ് ആവശ്യപ്പെട്ടാൽ ബേബി സീറ്റ് നല്‍കണം. കാര്‍ മോഷണം പോയതായി റിപ്പോര്‍ട്ട് ചെയ്യുന്ന തീയതിയും സമയവും മുതല്‍ റെന്റ് എ കാര്‍ കരാര്‍ കാലാവധി അവസാനിച്ചതായി കണക്കാക്കും.
കാറിനകത്ത് പുകവലിക്കാന്‍ പാടില്ല എന്ന വകുപ്പ് കരാറില്‍ ഉള്‍പ്പെടുത്താനും ഇത് ലംഘിച്ചാൽ പിഴ ചുമത്താനും റെന്റ് എ കാര്‍ കമ്പനിക്ക് അവകാശമുണ്ട്. ബുക്കിംഗ് റദ്ദാക്കുന്ന പക്ഷം അഡ്വാന്‍സ് തുക തിരികെ നല്‍കാത്ത സ്ഥാപനത്തിന് പിഴ ചുമത്തും. ഉപയോക്താവ് സമര്‍പ്പിക്കുന്ന വിവരങ്ങള്‍ ശരിയല്ലെങ്കില്‍ ബുക്കിംഗ് റദ്ദാക്കാന്‍ സ്ഥാപനത്തിന് അവകാശമുണ്ട്.
വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും നിരക്കാത്ത കാര്‍ വാടകക്ക് നല്‍കിയാൽ 5,000 റിയാലും ഇലക്‌ട്രോണിക് സംവിധാനം വഴി വാടക കരാര്‍ ഇഷ്യു ചെയ്യാതിരിന്നാൽ 4,000 റിയാലും റെന്റ് എ കാര്‍ കമ്പനിക്ക് പിഴ ചുമത്തും. ഡ്രൈവര്‍ അടക്കം കാര്‍ വാടകക്ക് നല്‍കാന്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ ഈ സേവനം നല്‍കിയാലും മണിക്കൂര്‍ അടിസ്ഥാനത്തില്‍ കാര്‍ വാടകക്ക് നല്‍കാന്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ അത്തരം രീതിയിൽ വാടകക്ക് നൽകിയാലും 3,000 റിയാലും പിഴ ചുമത്തും.
ഉപയോക്താവ് ആവശ്യപ്പെട്ടിട്ടും ബേബി സീറ്റ് നല്‍കിയില്ലെങ്കിൽ 1,000 റിയാലും പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ സംവിധാനങ്ങളെ കുറിച്ച് ഇ-ചാനലുകളിലൂടെ പരസ്യപ്പെടുത്താതിരുന്നാൽ 3,000 റിയാലും ബുക്കിംഗ് വ്യവസ്ഥകള്‍ പാലിക്കാത്തതിന് 3,000 റിയാലും അഡ്വാന്‍സ് തുക തിരികെ നല്‍കാത്തതിന് 2,000 റിയാലും വാടക കരാര്‍ ഒഴികെയുള്ള അധിക രേഖകളില്‍ ഒപ്പുവെക്കാന്‍ ഉപയോക്താവിനോട് ആവശ്യപ്പെടുന്നതിന് 3,000 റിയാലും പിഴ ചുമത്തും.