കുവൈത്ത് സിറ്റി – ചൈനീസ് സൈബര്‍ തട്ടിപ്പ് സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ ബാങ്കുകളും ടെലികമ്മ്യൂണിക്കേഷന്‍സ് സംവിധാനങ്ങളും ലക്ഷ്യമിട്ടുള്ള സംഘത്തിന്റെ സൈബര്‍ ആക്രമണങ്ങള്‍ അധികൃതര്‍ വിഫലമാക്കുകയും ചെയ്തു. തട്ടിപ്പുകള്‍ ലക്ഷ്യമിട്ട് രാജ്യത്തെ ബാങ്കിംഗ് സംവിധാനവും ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളും ഹാക്ക് ചെയ്യാന്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയ ചെനീസ് സംഘമാണ് അറസ്റ്റിലായതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ ടെലികമ്മ്യൂണിക്കേഷന്‍സ് ടവറുകള്‍ ലക്ഷ്യമിട്ട് വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സൈബര്‍ ക്രൈം വകുപ്പിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. ബാങ്കുകളില്‍ നിന്നും ടെലികോം കമ്പനികളില്‍ നിന്നുമുള്ളതെന്ന വ്യാജേന ഉപയോക്താക്കളുടെ ഫോണുകളിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് ചൈനക്കാരായ അന്താരാഷ്ട്ര സംഘം തട്ടിപ്പുകള്‍ക്ക് ശ്രമിച്ചത്. ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷന്‍സ് സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് കൈക്കലാക്കിയ ഡാറ്റ വിശകലനം ചെയ്യാന്‍ ചൈനീസ് സംഘാംഗങ്ങള്‍ നൂതന ഇലക്‌ട്രോണിക് ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
തങ്ങളുടെ നെറ്റ് വർക്കുകൾ സൈബര്‍ ആക്രമണത്തിന് വിധേയമാകുന്നതായി ചില ടെലികോം കമ്പനികളും ബാങ്കുകളും റിപ്പോര്‍ട്ട് ചെയ്തതാണ് ചൈനീസ് സംഘത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്. വിവരം ലഭിച്ച ഉടന്‍, പ്രത്യേക സുരക്ഷാ സംഘങ്ങള്‍ തിരച്ചിലും അന്വേഷണവും തുടങ്ങി. നൂതന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ടെലികോം നെറ്റ്വര്‍ക്കുകള്‍ ഹാക്ക് ചെയ്യാനും ബാങ്കുകളുടെ പേരിലുള്ള തട്ടിപ്പ് സന്ദേശങ്ങള്‍ അയക്കാനും സംഘത്തിന് സാധിച്ചു. ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈക്കലാക്കി പണം കവരാനാണ് സംഘം ശ്രമിച്ചത്.
സിഗ്‌നല്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ വഴി സംശയാസ്പദമായ സിഗ്‌നലുകളുടെ ഉറവിടം പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഫര്‍വാനിയ ഏരിയയിലെ വാഹനത്തില്‍ നിന്നാണ് സിഗ്നലുകള്‍ വരുന്നതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തി. സുരക്ഷാ സംഘങ്ങള്‍ ഉടന്‍ തന്നെ ഇവിടെ എത്തുകയും സംശയാസ്പദമായ വാഹനം കണ്ടെത്തുകയും ചെയ്തു. വാഹനത്തിനു സമീപം മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കില്‍ തകരാറ് പ്രത്യക്ഷപ്പെട്ടതായും വാഹനത്തിനുള്ളില്‍ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു.
ഉടന്‍ വാഹനത്തിന്റെ ചൈനീസ് പൗരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അയാളുടെ കൈവശമുണ്ടായിരുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി നേടിയ ശേഷം ഇയാളുടെ താമസസ്ഥലത്ത് പരിശോധ നടത്തി. ഹാക്ക് ചെയ്യപ്പെടുന്ന ഡാറ്റ വിശകലനം ചെയ്യാന്‍ ഉപയോഗിക്കുന്ന കൂടുതല്‍ ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളും ഇവിടെ കണ്ടെത്തി. മറ്റുള്ളവരുമായി ചേര്‍ന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് നെറ്റ്വര്‍ക്കുകള്‍ ഹാക്ക് ചെയ്തതായും ബാങ്കുകളെയും ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളെയും അനുകരിച്ച് വഞ്ചനാപരമായ സന്ദേശങ്ങള്‍ അയച്ചതായും പ്രതി കുറ്റസമ്മതം നടത്തി. അന്വേഷണത്തിലൂടെ സംഘത്തിലെ ശേഷിക്കുന്ന അംഗങ്ങളെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.
തിരിച്ചറിയപ്പെടാതിരിക്കുന്നതിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ രാജ്യത്ത് നടന്നിരുന്നതെന്ന് വിരലടയാള പരിശോധനയില്‍ വ്യക്തമായി. നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.