വാഷിംഗ്ടൺ- ലോകം നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഐ.ടി സ്തംഭനത്തെ പറ്റി പരക്കുന്നത് നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ. ആസന്നമായ “മൂന്നാം ലോകമഹായുദ്ധ”ത്തെക്കുറിച്ചുള്ള ഭയം മുതൽ സൈബർ ആക്രമണം തുടങ്ങിയ കാര്യങ്ങളാണ് പ്രചരിക്കുന്നത്. ഓൺലൈൻ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ പെരുമഴയാണ് വെള്ളിയാഴ്ച മുതൽ ആരംഭിച്ചത്.
മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന ആൻ്റിവൈറസ് പ്രോഗ്രാം സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റാണ് സമീപകാലത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് തകർച്ചക്ക് കാരണമായത്. എയർലൈനുകളും ബാങ്കുകളും ടിവി ചാനലുകളും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ഇതിന്റെ ഫലമായി താറുമാറായി.
എക്സ് പ്ലാറ്റ്ഫോമിലാണ് ഏറ്റവും കൂടുതൽ ഗൂഢാലോചന സിദ്ധാന്തം പുറത്തുവന്നത്. ലോകം ഒരു ദുഷിച്ച ശക്തിയുടെ ആക്രമണത്തിലാണ്. “ww3 (മൂന്നാം ലോകമഹായുദ്ധം) ഒരു സൈബർ യുദ്ധമായിരിക്കുമെന്ന് ഒരിക്കൽ ഞാൻ എവിടെയോ വായിച്ചു,” ഒരു ഉപയോക്താവ് X-ൽ എഴുതി.
“സൈബർ പോളിഗോൺ” എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചുള്ള ഗൂഢാലോചന പോസ്റ്റുകളും ഓൺലൈനിൽ ദ്രുതഗതിയിൽ പ്രചരിക്കുന്നുണ്ട്. ഇത് ഭാവിയിലെ ആക്രമണങ്ങൾക്ക് തയ്യാറെടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ആഗോള പരിശീലന പരിപാടിയാണെന്നാണ് സിദ്ധാന്തം.
അമേരിക്കൻ സൈബർ സുരക്ഷാ ഗ്രൂപ്പായ ക്രൗഡ്‌സ്ട്രൈക്കിൽ നിന്നുള്ള വിൻഡോസ് സിസ്റ്റങ്ങൾക്കായുള്ള ഒരു ആൻ്റിവൈറസ് പ്രോഗ്രാമിലേക്കുള്ള അപ്‌ഡേറ്റിലെ ഒരു ബഗുമായി ബന്ധപ്പെട്ടാണ് പ്രതിസന്ധി ഉടലെടുത്തത്.
പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഓസ്റ്റിൻ ആസ്ഥാനമായുള്ള ക്രൗഡ്‌സ്ട്രൈക്ക് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവായ ജോർജ്ജ് കുർട്‌സി ഉറപ്പ് നൽകി. ഒരു തരത്തിലുള്ള സൈബർ ആക്രമണവും നേരിട്ടിട്ടില്ലെന്നും ജോർജ്ജ് കുർട്സി പറഞ്ഞു.
സൗദിയില്‍ പെയ്‌മെന്റ് സിസ്റ്റങ്ങള്‍ സുരക്ഷിതം
ജിദ്ദ – വിന്‍ഡോസ് തകരാറ് സൗദിയില്‍ നാഷണല്‍ പെയ്‌മെന്റ് സിസ്റ്റങ്ങളെയോ ബാങ്കിംഗ് സിസ്റ്റങ്ങളെയോ ബാധിച്ചിട്ടില്ലെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) പറഞ്ഞു. സാമ സംവിധാനങ്ങള്‍ക്കും നാഷണല്‍ പെയ്‌മെന്റ് സിസ്റ്റങ്ങള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന, സൈബര്‍ മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും ബാധകമാക്കുന്നതായും സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.