ഇഎംഎസ് സർക്കാരിനെതിരെ ബ്രിട്ടീഷ് ചാരസംഘടനകൾ പ്രവർത്തിച്ചെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷുകാരന്റെ പുസ്തകം. ‘സ്പൈയിങ് ഇൻ സൗത്ത് ഏഷ്യ: ബ്രിട്ടൻ, ദ് യുണൈറ്റഡ് സ്റ്റേറ്റ്സ് ആൻഡ് ഇന്ത്യാസ് സീക്രട്ട് വാർ’ എന്ന പുസ്തകത്തിലാണു ബ്രിട്ടീഷ് ചാരസംഘടനകളായ എംഐ6, എംഐ5 എന്നിവ സർക്കാരിനെതിരെ പ്രവർത്തിച്ചെന്ന വെളിപ്പെടുത്തൽ. ലണ്ടനിലെ കിങ്സ് കോളജിൽ ലക്ചററായ പോൾ മക്ഗാറാണ് തന്റെ പുസ്തകത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ജവാഹർലാൽ നെഹ്റു സർക്കാരും ഇവർക്കൊപ്പം പ്രവർത്തിച്ചുവെന്നും പുസ്തകത്തിലൂടെ പോൾ പറയുന്നു.
കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ വന്നതിന്റെ ആശങ്ക യുഎസ് എംബസിയുമായി മാൽക്കം മക്ഡൊണാൾഡ് പങ്കുവെച്ചിരുന്നു. 1960 വരെ ഇന്ത്യയിൽ ബ്രിട്ടീഷ് ഹൈക്കമ്മിഷണറായിരുന്ന മാൽക്കം മക്ഡൊണാൾഡ്. മുതിർന്ന കോൺഗ്രസ് നേതാക്കളെ ബ്രിട്ടനിൽ എത്തിച്ചു കമ്യൂണിസ്റ്റ് ഭരണത്തിന്റെ അപകടത്തക്കുറിച്ചു ബോധ്യപ്പെടുത്താൻ ബ്രിട്ടീഷ് ചാരൻമാർ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്നു പദ്ധതിയിട്ടെന്ന് പോൾ പുസ്തകത്തിൽ പറയുന്നുണ്ട്. കമ്യൂണിസ്റ്റ് ഭരണത്തെ എങ്ങനെ നേരിടണമെന്നും ഇവർ പദ്ധതിയിട്ടിരുന്നതായി പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അടുത്തിടെ ബ്രിട്ടൻ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് പോൾ ഇക്കാര്യങ്ങൾ തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നത്.
1958ൽ അന്നത്തെ ഇന്റലിജൻസ് ബ്യൂറോ മേധാവിയായിരുന്ന ബി.എൻ. മുള്ളിക്ക് സംയുക്ത നീക്കത്തിനു ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് അനുമതി നൽകി. കോമൺവെൽത്ത് സെക്രട്ടറി ലോർഡ് ഹോം ഡൽഹിയിലെത്തി അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഗോവിന്ദ് പന്ത്, ധനമന്ത്രി മൊറാർജി ദേശായി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ നേതൃത്വത്തിന്റെ അനുമതി വാങ്ങാനായിരുന്നു ഇത്. എന്നാൽ, നെഹ്റു അത്ര താൽപര്യം കാണിച്ചില്ല. എങ്കിലും ഐബി പദ്ധതിയുടെ ഭാഗമായി പലരും ലണ്ടനിൽ എത്തി പരിശീലനം നേടിയെന്നും പോളിന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.