സന്‍ആ – ഇസ്രായിലിനെതിരായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂത്തി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി പറഞ്ഞു. ഇസ്രായിലിനെതിരെ കൂടുതല്‍ ശക്തമായ ആക്രമണം നടത്തുമെന്നും, ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ഹൂത്തി നേതാവ് ഭീഷണി മുഴക്കി. ഫലസ്തീന്‍ ജനതക്ക് പിന്തുണയെന്നോണം യെമനില്‍ നിന്ന് ഇസ്രായിലിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ചാനല്‍ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തില്‍ ഹൂത്തി നേതാവ് പറഞ്ഞു.
കഴിഞ്ഞ കൊല്ലം ഒക്‌ടോബറില്‍ ഇസ്രായില്‍ ഗാസ യുദ്ധം ആരംഭിച്ചതു മുതല്‍ ഹൂത്തികള്‍ ഇസ്രായില്‍ ലക്ഷ്യമിട്ട് നിരന്തരം മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നുണ്ട്. ഇസ്രായിലുമായി ബന്ധമുള്ളതോ ഇസ്രായിലിലേക്ക് പോകുന്നതോ ആയ ചരക്കു കപ്പലുകള്‍ ലക്ഷ്യമിട്ട് ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും വെച്ച് ഹൂത്തികള്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഹൂത്തി ആക്രമണങ്ങള്‍ സുപ്രധാനമായ ഈ വാണിജ്യ പാതയില്‍ കപ്പല്‍ ഗതാഗതം വലിയ തോതില്‍ തടസ്സപ്പെടാന്‍ ഇടയാക്കി. പശ്ചിമ യെമനിലെ അല്‍ഹുദൈദയില്‍ അമേരിക്കന്‍, ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ആക്രമണങ്ങള്‍ നടത്തിയതായി അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ഇന്ന് വൈകീട്ട് ചെയ്തു.
അതിനിടെ, മധ്യഗാസയിലെ അല്‍നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇന്ന് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 16 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ഔദ ആശുപത്രി അറിയിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 16 പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചു. ഇതില്‍ പലരുടെയും മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ആക്രമണങ്ങളില്‍ പരിക്കേറ്റ ഡസന്‍ കണക്കിനാളുകളെ ആശുപത്രിയില്‍ എത്തിച്ചതായും അല്‍ഔദ ആശുപത്രി അറിയിച്ചു.
ഉത്തര ഗാസയിലെ ബെയ്ത്ത് ലാഹിയയില്‍ രണ്ടു വീടുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ നാലു ഫലസ്തീനികളും കമാല്‍ അദ്‌വാന്‍ ആശുപത്രിക്കു സമീപം നടത്തിയ മറ്റൊരു ആക്രമണത്തില്‍ രണ്ടു ഫലസ്തീനികളും കൊല്ലപ്പെട്ടു. ഉത്തര ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ വീട് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലൂടെ ഒരു ഫലസ്തീനിയെയും ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ കിഴക്കന്‍ ഗാസയിലെ അല്‍താബിഈന്‍ സ്‌കൂളിനു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പതു ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.