ദമാസ്‌കസ് – പ്രതിപക്ഷ സേനയുടെ മുന്നേറ്റത്തില്‍ അധികാരം നഷ്ടപ്പെട്ട് റഷ്യയിലേക്ക് ഒളിച്ചോടിയ മുന്‍ സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ് മോസ്‌കോയിലേക്ക് 25 കോടി ഡോളര്‍ കടത്തിയതായി ബ്രിട്ടീഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. റഷ്യന്‍ സൈനിക സഹായത്തിനും സാധനങ്ങള്‍ക്കും പകരമായി രണ്ടു വര്‍ഷത്തിനിടെ വിമാനങ്ങള്‍ വഴിയാണ് ഇത്രയും പണം ബശാര്‍ അല്‍അസദ് മോസ്‌കോയിലേക്ക് കടത്തിയത്. രാജ്യം കടുത്ത വിദേശ കറന്‍സി ക്ഷാമം നേരിടുന്ന സമയത്താണ് പ്രസിഡന്റ് റഷ്യയിലേക്ക് ഡോളര്‍ ശേഖരം കടത്തിയത്.
റഷ്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനായി 100 ഡോളറിന്റെയും 500 യൂറോയുടെയും രണ്ട് ടണ്‍ ഭാരമുള്ള നോട്ടുകള്‍ 2018 നും 2019 നും ഇടയില്‍ മോസ്‌കോയിലെ വ്‌നുകോവോ എയര്‍പോര്‍ട്ടിലേക്ക് ബശാര്‍ അല്‍അസദ് കടത്തുകയായിരുന്നു. 2019 മെയ് 13 ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് സിറിയയുടെ പേരില്‍ അയച്ച 100 ഡോളര്‍ ഇനത്തില്‍ പെട്ട ഒരു കോടി ഡോളറിന്റെ ബാങ്ക് നോട്ടുകളുമായി വിമാനം മോസ്‌കോയിലെ വ്‌നുക്കോവോ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതായി കയറ്റുമതി ഡാറ്റാ സേവനമായ ഇംപോര്‍ട്ട് ജെനിയോയില്‍ നിന്നുള്ള റഷ്യന്‍ വ്യാപാര രേഖകള്‍ വ്യക്തമാക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് പറഞ്ഞു.
2019 ഫെബ്രുവരിയില്‍ സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് 500 യൂറോ വിഭാഗത്തില്‍ പെട്ട കറന്‍സി നോട്ടുകളായി രണ്ടു കോടി യൂറോ കൈമാറി. 2018 മാര്‍ച്ചിനും 2019 സെപ്റ്റംബറിനും ഇടയില്‍ ആകെ 25 കോടി ഡോളറിലധികം മൂല്യമുള്ള കറന്‍സി ശേഖരം 21 വിമാനങ്ങളിലായി ബശാര്‍ അല്‍അസദ് റഷ്യയിലെത്തിച്ചതായും പത്രം പറഞ്ഞു.