റിയാദ്- കിംഗ് സൽമാൻ ഇൻ്റർനാഷണൽ അക്കാദമി ഫോർ ദി അറബിക് ലാംഗ്വേജിന്റെ കീഴിൽ ഇന്ത്യയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന അറബിക് ഭാഷാചരണത്തിന് തുടക്കമായി. കേരളത്തിലടക്കമുള്ള നിരവധി കലാലയങ്ങളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. അറബി ഭാഷ പഠിപ്പിക്കുന്നതിനുള്ള പാഠ്യപദ്ധതി വികസിപ്പിക്കുക, അധ്യാപകരുടെ പ്രകടനം മെച്ചപ്പെടുത്തുക, അറബി ഭാഷാ പഠനത്തിന്റെ സാന്നിധ്യം വർധിപ്പിക്കുക, അറബി ഭാഷക്ക് പോസിറ്റീവ് ഇമേജ് ഉണ്ടാക്കുക, ഈ മേഖലയിൽ സൗദി അറേബ്യയുടെ ശ്രമങ്ങൾ ഉയർത്തിക്കാട്ടുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് മാസാചരണം.
സാംസ്കാരിക പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ്റെ നിർദേശങ്ങളുടെയും ആശയങ്ങളുടെയും ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കിംഗ് സൽമാൻ ഇൻ്റർനാഷണൽ അക്കാദമി ഫോർ അറബിക് ലാംഗ്വേജ് സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ല ബിൻ സാലിഹ് അൽ-വഷാമി വ്യക്തമാക്കി.
ദൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ സഹകരണത്തോടെ, അറബി ഭാഷ പഠിക്കുന്നവരെ ലക്ഷ്യമിട്ട് അനുബന്ധമായ ഒരു ശാസ്ത്രീയ മത്സരം നടത്തും. പാരായണക്ഷമത, കഥപറച്ചിൽ, അറബിക് കാലിഗ്രാഫി എന്നിവ അടിസ്ഥാനമാക്കിയാണ് മത്സരം. ജവഹർലാൽ നെഹ്‌റു, കേരള സർവകലാശാലകളിലെ 500 പഠിതാക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.