ജിദ്ദ – ഗാസയില്‍നിന്ന് ഫലസ്തീനികളെ കുടിയിറക്കാനുള്ള പദ്ധതികള്‍ ചെറുക്കാനായി ഈജിപ്ഷ്യന്‍ തലസ്ഥാനമായ കയ്റോയില്‍ ഉടൻ അടിയന്തിര അറബ് ഉച്ചകോടി നടത്താന്‍ നീക്കം. ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ ആവശ്യമായ നിയമപരവും അന്തര്‍ദേശീയവുമായ നടപടികള്‍ അറബ് ഉച്ചകോടി സ്വീകരിക്കും. ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കാതെ ഗാസ പുനര്‍നിര്‍മിക്കാനുള്ള പദ്ധതികളും ഉച്ചകോടി ചര്‍ച്ച ചെയ്യും. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ത്തീകരിക്കാനും ഏതെങ്കിലും തരത്തില്‍ കരാര്‍ ലംഘിക്കപ്പെടുന്നത് തടയാനും ഉച്ചകോടി പിന്തുണ നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഫലസ്തീന്‍ പ്രശ്‌നത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഹനിക്കപ്പെടുന്നത് നിരാകരിക്കാന്‍ അറബ് സമവായം ആവശ്യമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഏറ്റവും പ്രധാനം ഫലസ്തീന്‍ ജനത സ്വന്തം മണ്ണില്‍ തന്നെ തുടരുകയും അവരുടെ സ്വയം നിര്‍ണയാവകാശം നിഷേധിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നതാണ്. വെടിനിര്‍ത്തല്‍ സ്ഥിരപ്പെടുത്തല്‍, അടിയന്തര ദുരിതാശ്വാസ സഹായം എത്തിക്കല്‍, ഗാസ വാസയോഗ്യമല്ലാതാക്കാനുള്ള ഇസ്രായിലിന്റെ പദ്ധതി പരാജയപ്പെടുത്തുന്നതിന് ജനങ്ങളെ ക്രമേണ സാധാരണ ജീവിതം വീണ്ടെടുക്കാന്‍ സഹായിക്കല്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ഡോ. മുഹമ്മദ് മുസ്തഫയെ അറബ് ലീഗ് ആസ്ഥാനത്ത് സ്വീകരിച്ച് അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു.
ഗാസയില്‍ നിന്ന് ജനങ്ങള്‍ സ്വമേധയാ പുറത്തുപോകുന്നതിനെ കുറിച്ച ഇസ്രായില്‍ പ്രധാനമന്ത്രിയുടെ സമീപകാല പ്രസ്താവനകള്‍ ഇസ്രായിലി പദ്ധതിയുടെ സ്വഭാവത്തെയും അതിന്റെ ലക്ഷ്യങ്ങളെയും വ്യക്തമായി തുറന്നുകാട്ടുന്നതായി അറബ് ലീഗ് വക്താവ് ജമാല്‍ റുശ്ദി പറഞ്ഞു. സ്വമേധയാ ഗാസയില്‍ നിന്ന് പുറത്തുപോകുന്നതിന്റെയോ, അതല്ലെങ്കില്‍ നിര്‍ബന്ധിതരായി പുറത്തുപോകുന്നതിന്റെയോ മറവില്‍ രണ്ടാമതും നക്ബ ആവര്‍ത്തിക്കാന്‍ ഫലസ്തീന്‍ ജനത അനുവദിക്കില്ലെന്ന് അറബ് ലീഗ് വക്താവ് പറഞ്ഞു.
ഫലസ്തീന്‍ ജനതയെ അവരുടെ മണ്ണില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ആരംഭത്തെ കുറിച്ച് ഇസ്രായില്‍ ഗവണ്‍മെന്റിലെ നിരവധി അംഗങ്ങള്‍ ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനകളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ഈജിപ്ത് മുന്നറിയിപ്പ് നല്‍കി. ഫലസ്തീനികളെ ഗാസയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഫലസ്തീന്‍ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഇതിന് ഇസ്രായിലി നേതാക്കളോട് കണക്കു ചോദിക്കണമെന്നും ഈജിപ്ത് പറഞ്ഞു.
നിരുത്തരവാദപരമായ ഇത്തരം പെരുമാറ്റം വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ ഇത് ദുര്‍ബലപ്പെടുത്തുകയും ഇല്ലാതാക്കുകയും വീണ്ടും പോരാട്ടത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. മുഴുവന്‍ മേഖലയെയും സമാധാന പ്രക്രിയയെയും ഇത് അപകടത്തിലാക്കും. ഫലസ്തീന്‍ ജനതയെ വേരോടെ പിഴുതെറിയുകയോ ചരിത്രപരമായ ഭൂമിയില്‍ നിന്ന് അവരെ കുടിയിറക്കുകയോ ചെയ്തുകൊണ്ട് ഫലസ്തീന്‍ പ്രശ്‌നം ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന ഏതൊരു നിര്‍ദേശത്തെയും ആശയത്തെയും ഈജിപ്ത് പൂര്‍ണമായും നിരാകരിക്കുന്നു. ഇത്തരം ആശയങ്ങള്‍ അനീതിയും ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങളുടെ ലംഘനവുമാണ്. ഇത്തരം ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ ഈജിപ്ത് കക്ഷിയാകില്ലെന്നും ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കാനും അമേരിക്കക്ക് ഗാസയുടെ നിയന്ത്രണം നല്‍കാനുമുള്ള നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ചതിനു ശേഷം, ഗാസ നിവാസികളെ സ്വമേധയാ പുറത്തുപോകാന്‍ അനുവദിക്കുന്ന പദ്ധതികള്‍ പ്രതിരോധ മന്ത്രി യിസ്രായില്‍ കാറ്റ്സ് സൈനിക നേതാക്കളുമായി ചര്‍ച്ച ചെയ്തതായി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ ഏതൊരു നിവാസിയും അവരെ സ്വീകരിക്കാന്‍ സമ്മതിക്കുന്ന ലോകത്തെ ഏത് സ്ഥലത്തേക്കും പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവരെ അതിന് അനുവദിക്കുന്ന പദ്ധതി തയാറാക്കാന്‍ ഞാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് – യിസ്രായില്‍ കാറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. കരാതിര്‍ത്തി പോസ്റ്റുകള്‍ വഴി ഫലസ്തീനികള്‍ക്ക് പുറത്തുപോകാനുള്ള ഓപ്ഷനുകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും വഴി പുറത്തുപോകാനുള്ള പ്രത്യേക ക്രമീകരണങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നതായി പ്രതിരോധ മന്ത്രി പറഞ്ഞു.