വാഷിംഗ്ടൺ- ഇറാനുമായുള്ള യുദ്ധത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷികൾക്ക് വൻതോതിൽ ആയുധങ്ങൾ വിൽക്കാനൊരുങ്ങി അമേരിക്ക. ഇസ്രായിൽ, ഖത്തർ, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങൾക്കായി ഏകദേശം 860 കോടി ഡോളറിന്റെ (ഏകദേശം 72,000 കോടിയിലധികം രൂപ) ആയുധങ്ങൾ കൈമാറാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകി. ഇറാനെതിരായ യുദ്ധം ആരംഭിച്ച് ഒമ്പത് ആഴ്ചകൾ പിന്നിടുകയും, നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് മൂന്നാഴ്ചയാകുകയും ചെയ്ത സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം. തങ്ങളുടെ സൈനിക വിപണി സജീവമാക്കാനും യുദ്ധത്തിന്റെ സാമ്പത്തിക നേട്ടം കൊയ്യാനുമാണ് ഇതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.
ഈ വമ്പൻ ഇടപാടിൽ വലിയ ഭാഗവും ഖത്തറുമായാണ് നടക്കുന്നത്. ഏകദേശം 500 കോടി ഡോളറിന്റെ ആയുധങ്ങളാണ് ഖത്തർ വാങ്ങുന്നത്. ഇതിൽ 401 കോടി ഡോളർ ചെലവഴിക്കുന്നത് ഖത്തറിലെ പാട്രിയറ്റ് വ്യോമ-മിസൈൽ പ്രതിരോധ സംവിധാനം നവീകരിക്കുന്നതിനാണ്. കൂടാതെ 99.2 കോടി ഡോളർ വിലമതിക്കുന്ന അത്യാധുനിക കൃത്യതയുള്ള ആയുധങ്ങളും ഖത്തറിന് നൽകും. കുവൈത്തുമായി 250 കോടി ഡോളറിന്റെ സംയോജിത കോംബാറ്റ് കമാൻഡ് സിസ്റ്റം കരാറിനാണ് അമേരിക്ക അംഗീകാരം നൽകിയിരിക്കുന്നത്.
ഇസ്രായിലിനും യു.എ.ഇക്കും അത്യാധുനിക പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങൾ നൽകാനും തീരുമാനമായിട്ടുണ്ട്. ഇസ്രായിലിന് 99.2 കോടി ഡോളറിന്റെയും യു.എ.ഇക്ക് 14.76 കോടി ഡോളറിന്റെയും ആയുധങ്ങളാണ് വിൽക്കുന്നത്. ഈ ആയുധ ഇടപാടുകളുടെ പ്രധാന കരാറുകാർ ബി.എ.ഇ സിസ്റ്റംസ് (BAE Systems) എന്ന കമ്പനിയാണ്. അതേസമയം, കുവൈത്തുമായുള്ള കമാൻഡ് സിസ്റ്റം കരാറിലും ഖത്തറുമായുള്ള മിസൈൽ നവീകരണ കരാറിലും ആർ.ടി.എക്സ് (RTX), ലോക്ക്ഹീഡ് മാർട്ടിൻ, നോർത്ത്റോപ്പ് ഗ്രുമ്മാൻ എന്നീ പ്രമുഖ കമ്പനികളാണ് പ്രധാന പങ്കാളികൾ. ഇതിലൂടെ മിഡിൽ ഈസ്റ്റിലെ സൈനിക സ്വാധീനം ഉറപ്പിക്കാനും അമേരിക്കൻ പ്രതിരോധ കമ്പനികൾക്ക് വൻ ലാഭമുണ്ടാക്കാനും ഈ കരാറുകൾ സഹായിക്കും.



