വാഷിംഗ്ടൺ– അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന് അരികിലെത്തിച്ച ചരിത്രപരമായ ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയായി. പത്ത് ദിവസം നീണ്ട ബഹിരാകാശ യാത്രയ്ക്ക് ശേഷം ദൗത്യസംഘം ഇന്ന് രാവിലെ 5.37-ന് പസഫിക് സമുദ്രത്തിൽ സാൻഡിയാഗോ തീരത്തിന് സമീപം സുരക്ഷിതമായി ഇറങ്ങി. കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, വിദഗ്ധരായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നീ നാല് സഞ്ചാരികളെയും പേടകത്തിൽ നിന്ന് പുറത്തെത്തിച്ച് ലൈഫ് ബോട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഏപ്രിൽ രണ്ടിന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഈ വിസ്മയ യാത്ര ആരംഭിച്ചത്. യാത്രയുടെ ആദ്യ രണ്ട് ദിവസങ്ങളിൽ ഭൂമിയെ വലംവച്ച ശേഷമാണ് ഒറൈൺ പേടകം ചന്ദ്ര ലക്ഷ്യമാക്കി കുതിച്ചത്.
യാത്രയ്ക്കിടെ നിരവധി അപൂർവ നേട്ടങ്ങളാണ് ഈ സംഘം സ്വന്തമാക്കിയത്. ഏപ്രിൽ ആറിന്, ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോർഡ് ഇവർ തിരുത്തിക്കുറിച്ചു. ഏപ്രിൽ ഏഴിന് ചന്ദ്രന്റെ മറുഭാഗത്തുകൂടി സഞ്ചരിച്ച (ലൂണാർ ഫ്ളൈബൈ) വേളയിൽ ചന്ദ്രോപരിതലത്തിന് വെറും 6545 കിലോമീറ്റർ അടുത്തെത്താൻ ഇവർക്ക് സാധിച്ചു. ഈ സമയത്ത് ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടെങ്കിലും, ചന്ദ്രനിലെ കൂറ്റൻ ഗർത്തമായ ‘ഓറിയന്റലെ ബേസ്’ നേരിൽ കാണാൻ സാധിച്ചത് സഞ്ചാരികൾക്ക് വേറിട്ട അനുഭവമായി. യാത്രയ്ക്കിടെ 53 മിനിറ്റ് നീണ്ട സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരുമായി സംസാരിക്കുകയും ചന്ദ്രന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തുകയും ചെയ്തു.
ദൗത്യത്തിന്റെ ഭാഗമായി ഭാവി യാത്രകൾക്ക് ഗുണകരമാകുന്ന അതീവ നിർണായകമായ പരീക്ഷണങ്ങളാണ് നടത്തിയത്. ഒറൈൺ പേടകത്തിന്റെ കാര്യക്ഷമത, ബഹിരാകാശത്തെ വികിരണങ്ങളുടെ അളവ്, പേടകത്തിനുള്ളിലെ വായുവും താപനിലയും ക്രമീകരിക്കുന്ന സംവിധാനങ്ങൾ എന്നിവ സംഘം വിശദമായി പരിശോധിച്ചു. റേഡിയോ തരംഗങ്ങൾക്ക് പകരം ലേസർ വെളിച്ചം ഉപയോഗിച്ച് വിവരങ്ങൾ ഭൂമിയിലേക്ക് അയക്കുന്ന പുതിയ രീതിയും വിജയകരമായി പരീക്ഷിച്ചു. ചന്ദ്രന്റെ അജ്ഞാതമായ ഭാഗങ്ങളെക്കുറിച്ചും അവിടുത്തെ ലാവാ പ്രവാഹങ്ങളെക്കുറിച്ചും പഠിക്കാൻ ഈ യാത്ര ഏറെ സഹായകമായി.
മനുഷ്യശരീരത്തിൽ ബഹിരാകാശ വികിരണങ്ങൾ ഉണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കാനായി അത്യാധുനികമായ ‘ഓർഗൺ ഓൺ ചിപ്പ്’ പരീക്ഷണവും ഈ ദൗത്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. മനുഷ്യകോശങ്ങൾ അടങ്ങിയ ചെറിയ ചിപ്പുകൾ ഉപയോഗിച്ചായിരുന്നു ഈ പരിശോധന. ബഹിരാകാശ യാത്രികരുടെ ആരോഗ്യസ്ഥിതിയും പേടകത്തിന്റെ മാനുവൽ പൈലറ്റിംഗ് സംവിധാനവും പത്ത് ദിവസത്തെ യാത്രയ്ക്കിടെ കൃത്യമായി വിലയിരുത്തി. മനുഷ്യന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ കരുത്ത് നൽകുന്ന ആർട്ടെമിസ് 2 ദൗത്യം, വരാനിരിക്കുന്ന വലിയ ചാന്ദ്ര ദൗത്യങ്ങൾക്കുള്ള ശക്തമായ അടിത്തറയായാണ് കണക്കാക്കപ്പെടുന്നത്.



