കോഴിക്കോട്- പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയായി. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗ് പ്രതിനിധികളായി പുതിയ മന്ത്രിസഭയിലേക്ക് എത്തുക എന്നാണ് വിവരം. ഇന്ന് വൈകുന്നേരത്തോടെ മുന്നണിതലത്തിൽ വകുപ്പുകൾ സംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയാകുന്നതോടെ ലീഗ് തങ്ങളുടെ മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
അതേസമയം, മലപ്പുറം ജില്ലയിൽ നിന്ന് രണ്ടിൽ കൂടുതൽ മന്ത്രിമാർ വേണ്ടെന്ന പാർട്ടിയുടെ കർശന തീരുമാനത്തെ തുടർന്ന് പ്രമുഖ നേതാവ് കെ.എം ഷാജി അന്തിമ പട്ടികയിൽ നിന്ന് പുറത്തായി. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയും പി.കെ ബഷീറും മന്ത്രിമാരാകുന്ന സാഹചര്യത്തിലാണ് ഷാജിയെ ഒഴിവാക്കേണ്ടി വന്നതെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇന്ന് തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായേക്കും.



