ജിദ്ദ- സൗദി അറേബ്യയിൽ കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ നൂറിലേറെ ബിനാമി ബിസിനസ് കേസുകൾ കണ്ടെത്തിയതായി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അറിയിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന 1,861 വ്യാപാര സ്ഥാപനങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് 106 ബിനാമി ബിസിനസ് കേസുകൾ കണ്ടെത്തിയത്. നിയമ ലംഘകർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനായി കേസുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
പച്ചക്കറി കടകൾ, സെൻട്രൽ മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, ഈത്തപ്പഴ വിപണികൾ, കഫ്റ്റീരിയകൾ, ഇലക്ട്രോണിക്സ്-ഇലക്ട്രിക് സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധനകൾ നടത്തിയത്. വാണിജ്യ സ്ഥാപനങ്ങൾ നിയമ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ബിനാമി ബിസിനസ് തടയുന്നതിനുമാണ് പരിശോധനകൾ ഊർജ്ജിതമാക്കിയത്. സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും പരിശോധനകൾ ഏകോപിപ്പിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് സംവിധാനങ്ങളുമാണ് അതോറിറ്റി ഉപയോഗിക്കുന്നത്.
സൗദിയിൽ ബിനാമി കേസുകളിൽ കുറ്റക്കാരാണെന്ന് തെളിയുന്നവർക്ക് അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. അന്തിമ കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമവിരുദ്ധ സമ്പത്ത് പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്യും. കൂടാതെ സ്ഥാപനം അടച്ചുപൂട്ടൽ, കൊമേഴ്സ്യൽ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കൽ, കുറ്റക്കാരായ സ്വദേശികൾക്ക് ബിസിനസ് മേഖലയിൽ വിലക്കേർപ്പെടുത്തൽ, കുടിശ്ശികയുള്ള സകാത്ത്, ഫീസ്, നികുതി എന്നിവ ഈടാക്കൽ എന്നീ നടപടികളും ഉണ്ടാകും. വിദേശികളായ പ്രതികളെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുമെന്നും പുതിയ വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







