മൊഗാദിഷു– സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, 50 യാത്രക്കാരുമായി പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപെട്ട് റൺവേയിൽ നിന്ന് തെന്നിമാറി കടൽതീരത്ത് എത്തി. സ്റ്റാർസ്‌കൈ ഏവിയേഷൻ കമ്പനിയുടെ ഫോകർ-50 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 50 യാത്രക്കാരും 5 ജീവനക്കാരുമായി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ പൈലറ്റ് വിമാനം തിരിച്ചിറക്കാൻ അനുമതി തേടുകയായിരുന്നു. എന്നാൽ ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടമായ വിമാനം റൺവേ മറികടന്ന് കടൽതീരത്തിലേക്ക് ചെന്നുനിന്നു.
പൈലറ്റിന്റെ ധീരവും വേഗത്തിലുള്ളതുമായ തീരുമാനമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് വിമാനക്കമ്പനി വക്താവ് ഹസ്സൻ മുഹമ്മദ് ആദൻ പ്രശംസിച്ചു. യുഎൻ, ആഫ്രിക്കൻ യൂണിയൻ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആർക്കും ഗുരുതര പരിക്കുകളില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ നിലവിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.



