വിരുദനഗർ – തമിഴ്‌നാട്ടിലെ വിരുദുനഗറിന് സമീപമുള്ള വനജ പടക്ക നിർമ്മാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ 4 പേർ അറസ്റ്റിൽ. ഫാക്ടറി ഉടമയുടെ ബന്ധുക്കളാണ് അറസ്റ്റിലായത്. ഉടമകൾക്കായി അന്വേഷണം ഊർജിതമാക്കി.
അതേസമയം, സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. സ്‌ഫോടനം നടക്കുന്ന സമയത്ത് മുപ്പതോളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. പരിക്കേറ്റവർ നിലവിൽ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ഫാക്ടറിയിൽ വീണ്ടും സ്‌ഫോടനങ്ങളുണ്ടായത് വലിയ ആശങ്കയ്ക്കും തടസ്സത്തിനും കാരണമായി. രണ്ടാമതുണ്ടായ സ്‌ഫോടനത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന അഗ്നിശമന സേനാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. വൻ ശബ്ദത്തോടെയുണ്ടായ സ്‌ഫോടനത്തിന്റെ പ്രകമ്പനം ഏകദേശം പത്ത് കിലോമീറ്റർ ദൂരത്തോളം അനുഭവപ്പെട്ടതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.



